ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങൾ മാറ്റിനിർത്തിയാൽ, കോവിഡ് കെടുതിയിൽനിന്ന് രാജ്യം മെല്ലെ കരകയറുന്നതായി സർക്കാർ. വൈറസിെൻറ വ്യാപനം വീണ്ടും സജീവമായിരിക്കുേമ്പാഴാണ് ഇന്ത്യയിൽ കുറവു കാണിക്കുന്നതെന്നും ഇത് നേട്ടമാണെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. മികച്ച സമ്പദ്വ്യവസ്ഥയും കിടയറ്റ ആരോഗ്യസംവിധാനങ്ങളുമുള്ള പല രാജ്യങ്ങളും രണ്ടാം വ്യാപനത്തിൽ ഉഴറുകയാണെന്നും കോവിഡ്-19 സംബന്ധിച്ച ദേശീയ കർമസേനയുടെ അധ്യക്ഷനും നിതി ആയോഗ് അംഗവുമായ വി.കെ. പോൾ ചൊവ്വാഴ്ച പറഞ്ഞു.
''കേരളം, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ഒഴികെ, രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് താഴേക്കാണ് എന്നത് ഭാഗ്യമാണ്. ഈ സംസ്ഥാനങ്ങൾ മൂന്നാംഘട്ട വ്യാപനത്തിലാണ്. ഉത്തരാർധഗോളത്തിലുള്ള അനേകം രാഷ്ട്രങ്ങളിൽ വൈറസ് വീണ്ടും നാശം വിതക്കുന്നത് നമുക്കൊരു പാഠമാണ്. കുറവുകാണുന്നുണ്ടെന്ന് കരുതി ഒട്ടും അലംഭാവം പാടില്ല. പ്രത്യേകിച്ച് ഉത്സവനാളുകൾ വരുന്നതിനാൽ കൂടുതൽ ശ്രദ്ധ വേണം'' -അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മരണനിരക്ക് കഴിഞ്ഞ സെപ്റ്റംബറിൽ 1.77 ആണെങ്കിൽ ഇപ്പോഴത് ഒന്നു മുതൽ 1.5 ആയി കുറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. 50 ശതമാനത്തോളം പുതിയ കേസുകളും കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണെന്നും പോൾ പറഞ്ഞു. ഇതിനിടെ, പ്രതിദിന രോഗബാധിതരുടെ എണ്ണം ഞായറാഴ്ച 50,000ത്തിൽ താഴെയായിരുന്നുവെങ്കിൽ തിങ്കളാഴ്ച അത് 36,470ലെത്തി.
ഇതിനുമുമ്പ് ജൂലൈയിലാണ് കോവിഡ് ബാധിതർ ഇത്രയും കുറവായിരുന്നത് (34,884). രോഗികൾ കുറയുന്നതുപോലെതന്നെ മരണനിരക്കിൽ ഗണ്യമായ കുറവുണ്ടെന്നും രോഗമുക്തി വളരെ ഉയർന്ന തോതിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 63,842 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തിനിരക്ക് 90.62 ശതമാനത്തിലേക്ക് ഉയർന്നു. 488 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്- 84 പേർ. രാജ്യത്തെ ആകെ കോവിഡ് മരണം 1,19,502 ആയപ്പോൾ രോഗികൾ 79,46,429 ആയും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.