ന്യൂഡൽഹി: മെയ് ഒന്നിന് ആരംഭിക്കുന്ന അടുത്തഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മാത്രമാണ് നിലവിൽ വാക്സിൻ നൽകുന്നത്.
മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം കൂടുതൽ ഉദാരവത്കരിക്കുന്നതിന്റെ ഭാഗമായാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ള യോഗ്യരായ എല്ലാവർക്കും വാക്സിൻ നൽകുന്നത്. രാജ്യത്ത് തിങ്കളാഴ്ച 2.73 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൂടുതൽ വിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതോടെ കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകുമെന്നാണ് കേന്ദ്ര സർക്കാറിന്‍റെ പ്രതീക്ഷ.
വാക്സിൻ നിർമാതാക്കളോട് ഉൽപ്പാദനം വർധിപ്പിക്കാനും 50 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. ഇതോടെ സംസ്ഥാനങ്ങൾക്ക് നിശ്ചിത വിലക്ക് വാക്സിൻ ഡോസുകൾ നിർമാതാക്കളിൽനിന്ന് വാങ്ങാം.
കൂടാതെ സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവർക്കും നിർമാതാക്കളിൽനിന്ന് വാക്സിൻ നേരിട്ട് വാങ്ങാം. ആരോഗ്യസംരക്ഷണ പ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 45 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കായി കേന്ദ്ര സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് സൗജന്യമായി തുടരും. ആദ്യ വാക്സിൻ എടുത്തവർക്കുള്ള രണ്ടാമത്തെ ഡോസ് നൽകുന്നതിലും മുൻഗണന.
കൂടാതെ കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കേന്ദ്രം തങ്ങളുടെ വിഹിതത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങൾക്ക് വാക്സിൻ അനുവദിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.