ന്യൂഡൽഹി: രാജ്യസഭ എം.പിമാരിൽ 54 പേർക്കെതിരെ ക്രിമിനൽ കേസുകളുള്ളതായി വെളിപ്പെടുത്തൽ. ഇതിൽ 14 പേരും ബി.ജെ.പിയെ പ്രതിനിധീകരിക്കുന്നവരാണ്. കോൺഗ്രസിലെ എട്ടുപേർക്കെതിരെയും കേസുകളുണ്ട്. എം.പിമാർ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. 62.67 കോടി രൂപയാണ് എം.പിമാരുടെ ശരാശരി ആസ്തി.
54ൽ 28 പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. ഇത് മൊത്തം അംഗസംഖ്യയുടെ 12 ശതമാനം വരും. ബി.ജെ.പി എം.പിയായ പ്രതാപ്സിങ് മഹാരാജ് കൊലപാതകക്കേസിൽ പ്രതിയാണ്. രാജസ്ഥാനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ കെ.സി വേണുഗോപാൽ അടക്കം നാലുപേർക്കെതിരെ സ്ത്രീപീഡനക്കേസും നിലവിലുണ്ട്. കൊലപാതകശ്രമത്തിന് നാല് എംപിമാർക്കെതിരെ കേസുകളുണ്ട്.
77 എം.പിമാരുള്ള ബി.ജെ.പിയിൽ അഞ്ചുപേർക്കെതിരെയാണ് ഗുരുതര ക്രിമിനൽ കേസുകളുള്ളത്. കോൺഗ്രസ് (ആറ്), തൃണമൂൽ (ഒന്ന്), ബി.ജെ.ഡി (ഒന്ന്), വൈ.എസ്.ആർ.സി.പി (മൂന്ന്), ആർ.ജെ.ഡി (മൂന്ന്) എന്നിങ്ങനെയാണ് ഗുരുതര ക്രിമിനൽ കേസിൽ പ്രതികളായ മറ്റുപാർട്ടികളിലെ എം.പിമാർ.
ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി പാർട്ടികളിലെ മൂന്ന് പേർ വീതവും എസ്.പി, തൃണമൂൽ കോൺഗ്രസ് എന്നിവയിലെ രണ്ടുപേർ വീതവും മറ്റു കേസുകളിൽ പ്രതികളാണ്. രാജ്യസഭയിലെ 229 അംഗങ്ങൾ നൽകിയ സത്യവാങ്മൂലം സന്നദ്ധ സംഘടനയായ എ.ഡി.ആർ ആണ് വിശകലനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.