ന്യൂഡൽഹി: ഡൽഹിയിലെ ഓഖ്‍ല മേഖലയിൽ പൊലീസിന്റെ നിരോധനാജ്ഞ. നിരോധിത പ്രവർത്തനങ്ങളും സാമൂഹിക ഐക്യവും സമാധാനവും തകർക്കാനിടയാക്കുന്ന പ്രവർത്തനങ്ങൾക്ക് ചില ആളുകളും സംഘങ്ങളും പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജാമിഅ നഗർ പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 19 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 17 വരെ 60 ദിവസമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഓഖ്‌ല (ജാമിഅ നഗർ) മേഖലയിൽ മുഴുവനായും നിയന്ത്രണങ്ങൾ നിലവിലുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ക്രമസമാധാനപാലനത്തിന് അർധസൈനിക വിഭാഗത്തെയും വിളിച്ചിട്ടുണ്ട്.
എന്നാൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ നടപടിയുമായി ബന്ധപ്പെട്ടതാണ് നിരോധനാജ്ഞ എന്ന വാദം പൊലീസ് നിഷേധിച്ചു. കർഫ്യൂ പ്രഖ്യാപിച്ച പ്രദേശത്ത് നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. ഇത് ലംഘിച്ചാൽ ശിക്ഷയുറപ്പാണ്.
കർഫ്യൂ കണക്കിലെടുത്ത്, ജാമിഅ മില്ലിയ്യ ഇസ്‍ലാമിയയിലെ എല്ലാ വിദ്യാർഥികളോടും അധ്യാപക-അനധ്യാപക ജീവനക്കാരോടും കാമ്പസിനകത്തും പുറത്തും കൂട്ടംകൂടരുതെന്നും മാർച്ച്, പ്രക്ഷോഭം, ധർണ, യോഗങ്ങൾ എന്നിവ നടത്തരുതെന്നും സർവകലാശാല മേധാവി അറിയിച്ചു. ജാമിഅയിലെ അധ്യാപകർ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നോട്ടീസ്.
ജാമിഅ നഗറിലെ ന്യൂ ഫ്രണ്ട്‌സ് കോളനി സബ് ഡിവിഷനിലെ മുഴുവൻ അധികാരപരിധിയിലും ഘോഷയാത്രകളിലോ റാലികളിലോ ചടങ്ങുകളിലോ പന്തം, ടോർച്ച്, തീ, കത്തിച്ച മെഴുകുതിരികൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.