ന്യൂഡൽഹി: ജമ്മു കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരു വർഷം തികയുന്നതിൻെറ ഭാഗമായി രണ്ടുദിവസത്തേക്ക് കശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ശ്രീനഗർ ജില്ല മജിസ്ട്രേറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വിഘടന വാദികളും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന സംഘടനകളും ആഗസ്റ്റ് അഞ്ചിന് കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് മജിസ്േട്രറ്റ് അറിയിച്ചു.
കശ്മീർ താഴ്വര മുഴുവൻ കർഫ്യൂ ബാധകമാകും. കോവിഡ് 19നെ തുടർന്നുള്ള അവശ്യ സർവിസുകൾക്ക് മാത്രം അനുമതി നൽകും. 'പ്രതിഷേധം തള്ളിക്കളയുന്നില്ല, പൊതുജനത്തിനും സ്വത്തിനും നാശം വരുത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ച് വിവരം ലഭിച്ചു' -മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കിയത്. ശേഷം സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞവർഷം ആഗസ്റ്റിൽ സംസ്ഥാനമെമ്പാടും കർഫ്യൂ ഏർപ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കം നൂറോളം രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. മെഹബൂബ മുഫ്തി ഉൾപ്പെടെ നിരവധിപേർ ഇപ്പോഴും വീട്ടുതടങ്കലിലാണ്. മാർച്ച് 11ന് മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.