ന്യൂഡൽഹി: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ ദലിത് യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്ന കേസിൽ േദശീയ മനുഷ്യാവകാശ കമീഷൻ ഗുജറാത്ത് സർക്കാറിനോട് വിശദീകരണം തേടി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് സംഭവിച്ചതെന്ന് കമീഷൻ നിരീക്ഷിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗുജറാത്ത് രാജ്കോട്ടിലെ ഷപ്പാർ ഗ്രാമത്തിൽ മുകേഷ് വാനിയ (40) എന്ന ദലിത് യുവാവ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയുടെ മാലിന്യം കോരിക്കളയാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന് മുകേഷിനെയും ഭാര്യ ജന ബെന്നിനെയും ബന്ധുവായ മറ്റൊരു യുവതിയെയും ഫാക്ടറി ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചു. താഴ്ന്ന ജാതിക്കാരായതിനാൽ മാലിന്യം എടുത്തേപറ്റൂ എന്ന് പറഞ്ഞായിരുന്നു മർദനം. രണ്ട് യുവതികളും ഒാടിരക്ഷപ്പെെട്ടങ്കിലും മുകേഷിനെ പിടികൂടി കയറിൽ ബന്ധിച്ച് ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
സംഭവത്തെക്കുറിച്ചും യുവാവിെൻറ മരണശേഷം ബന്ധുക്കൾക്കായി സ്വീകരിച്ച ആശ്വാസ നടപടികളെക്കുറിച്ചും ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യം ഉൾക്കൊള്ളുന്ന വിഡിയോ രാജ്യത്തൊട്ടാകെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.