ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി രാജ്യതലസ്ഥാനം. 70 മണ്ഡലങ്ങളിലേക്കുള്ള ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായി നടക്കും. എട്ടിന് വോട്ടെണ്ണും. ജനുവരി 17 വരെ നാമനിർദേശപത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ നടക്കുമെന്നും ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു.
ഡൽഹിയിൽ 1.55 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 71.74 ലക്ഷം സ്ത്രീകളും രണ്ട് ലക്ഷത്തിലധികം കന്നി വോട്ടർമാരുമാണ്. വോട്ടെടുപ്പിനായി 13,033 പോളിങ് ബൂത്തുകൾ സജ്ജീകരിക്കും. മുഴുവന്‍ ബൂത്തുകളിലും ക്യാമറ സംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യം ചെയ്യുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. സംസ്ഥാനത്ത് 12 സംവരണ സീറ്റുകളാണുള്ളത്.
ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടി ആം ആദ്മി പാർട്ടിയാണ് അധികാരത്തിൽ എത്തിയത്. ബി.ജെ.പിക്ക് എട്ടു സീറ്റുകൾ ലഭിച്ചു. ഡൽഹിയിൽ അധികാരം നിലനിർത്തുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും താമര വിരിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ചു.
വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും അട്ടിമറി നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമീഷണർ വാർത്താസമ്മേളനം തുടങ്ങിയത്. എല്ലാ വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പോളിങ് ശതമാനത്തിൽ കൃത്രിമം കാണിക്കാനാകില്ല. ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. വാർത്തകൾ നൽകുന്നതിനു മുമ്പ് വസ്തുതകൾ പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡൽഹിയിൽ തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് ആം ആദ്മി പാർട്ടി (എ.എ.പി). ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിനിന്നു മത്സരിച്ച കോൺഗ്രസും എ.എ.പിയും ഇത്തവണ നേർക്കുനേർ പോരാട്ടം നടത്തുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ എ.എ.പിയും ബി.ജെ.പിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിയിരുന്നു. 2020ൽ എഴുപതിൽ 62 സീറ്റുകൾ നേടിയാണ് എ.എ.പി അധികാരത്തിലേറിയത്.
എ.എ.പിയെയും പാർട്ടി കൺവീനർ കെജ്രിവാളിനെയും കടന്നാക്രമിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. എന്നാൽ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എ.പി പ്രചരണ രംഗം കൊഴുപ്പിക്കുന്നു. മൂന്നാം തവണയും അധികാരം നിലനിര്‍ത്താനുള്ള പ്രചാരണത്തിന് കെജ്രിവാളാണ് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി ആതിഷിയും സൗരഭ് ഭരദ്വാജും ഉൾപ്പെടെയുള്ള നേതാക്കൾ കെജ്രിവാളിന് പിന്തുണയുമായി ഒപ്പമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളെയും എത്തിച്ചാണ് കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.