ഹൈദരാബാദ്: വിദ്യാഭ്യാസം, സർക്കാർ ജോലികൾ എന്നിവയിൽ സംസ്ഥാനത്തെ സംവരണ പരിധി വർധിപ്പിക്കുന്നതിനുള്ള ബിൽ തെലങ്കാന നിയമസഭ പാസാക്കി. നിലവിലെ 50 ശതമാനത്തിൽ 70 ശതമാനമായാണ് സംവരണം ഉയരുക. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 42 ശതമാനമായി ഉയരും. നിലവിൽ 29 ശതമാനമാണ് പിന്നാക്ക വിഭാഗ സംവരണം. പട്ടികജാതി സംവരണം 15 ശതമാനത്തിൽനിന്ന് 18 ശതമാനമായും പട്ടികവർഗ സംവരണം ആറിൽനിന്ന് 10 ശതമാനമായും ഉയരും. തദ്ദേശ സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 42 ശതമാനം സംവരണം നൽകുന്നതിനുള്ള ബില്ലും നിയമസഭ പാസാക്കി. നിലവിൽ 18 മുതൽ 23 ശതമാനം വരെയാണ് സംവരണം.
കഴിഞ്ഞ വർഷം നടത്തിയ ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് സംവരണം ഉയർത്തുന്നതിനുള്ള ബിൽ പാസാക്കിയത്. മുസ്ലിംകൾ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾ സംസ്ഥാന ജനസംഖ്യയുടെ 56.33 വരുമെന്നാണ് സർവേയിൽ കണ്ടെത്തിയത്. ബി.ആർ.എസ്, ബി.ജെ.പി, സി.പി.ഐ എന്നിവ ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. ബിൽ ഇനി കേന്ദ്രത്തിെന്റ അനുമതിക്കായി അയച്ചുകൊടുക്കും. നിയമം നടപ്പാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
50 ശതമാനം സംവരണ പരിധി എന്ന സുപ്രീംകോടതി വ്യവസ്ഥ നിലവിലുള്ളതിനാൽ ബിൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, ഭരണഘടനാ ഭേദഗതിക്കായി സംസ്ഥാനത്തുനിന്നുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.