ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പിയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുമെന്ന പ്രവചനം ശരിവെച്ചുകൊണ്ട് എ.എ.പി കുതിപ്പ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയിരിക്കെ, 132 സീറ്റിൽ എ.എ.പിയും 103ൽ ബി.ജെ.പിയും വിജയിച്ചു. കോൺഗ്രസ് എട്ട് സീറ്റിൽ ഒതുങ്ങി.
126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും ബി.ജെ.പി സ്വന്തമാക്കിയിരുന്നു.
ജമാ മസ്ജിദ് വാർഡിൽ എഎപിയുടെ സുൽത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാർഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റിൽ കോൺഗ്രസിന്റെ ഫർഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലക്ഷ്മി നഗറിൽ ബിജെപിയുടെ അൽക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രോഹിണി ഡി വാർഡിൽ പാർട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗർ മണ്ഡലത്തിൽ വിജയിച്ചു.
കോർപറേഷനിലെ 250 വാർഡുകളിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ 137 സീറ്റിൽ എ.എ.പിയും 101 സീറ്റിൽ ബി.ജെ.പിയുമാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് ഒമ്പത് സീറ്റിൽ ലീഡ് ചെയ്യുന്നു. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
സംഗം വിഹാറിൽ എ.എ.പിയുടെ പങ്കജ് ഗുപ്ത, സക്കീർ നഗറിൽ എ.എ.പിയുടെ സൽമ ഖാൻ, സീലംപൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മുംതാസ്, കരോൾ ബാഗിൽ ബി.ജെ.പി സ്ഥാനാർഥി ഉഷ എന്നിവർ ലീഡ് ചെയ്യുന്നു.
2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.
ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മൂന്നുമണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.