ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരിൽ സംസ്ഥാന മുഖ്യമന്ത്രി അതിഷിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 223 (എ) പ്രകാരമാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. സർക്കാർ വാഹനം രാഷ്‌ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന ആരോപണമാണ് അതിഷിക്കെതിരെ ഉയർത്തിയത്. കൽക്കാജി മണ്ഡലത്തിൽ നാമനിർദേശ പത്രികാ സമർപ്പണത്തിനെത്തിയ അതേ ദിവസം തന്നെയാണ് അതിഷിക്കെതിരെ കേസ് എടുത്തത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. നിലവിൽ 70 സീറ്റുകളുള്ള ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് ഏതാണ്ട് പൂർണമായ സ്വാധീനമുണ്ട്. എ.എ.പിക്ക് 58 സീറ്റുകൾ ഉള്ളപ്പോൾ ബി.ജെ.പിക്ക് 7 സീറ്റുകളാണുള്ളത്. അഞ്ചു സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
അതേസമയം, ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത കമീഷന്റെ നിലപാടിനെതിരെ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാൾ ‘എക്സി’ലൂടെ രംഗത്തുവന്നു. പരസ്യമായി പണം വിതരണം ചെയ്തിട്ടും ബി.ജെ.പി നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആം ആദ്മി നേതാക്കൾ പക്ഷപാതപരമായി ഉന്നം വെക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പുറമെ ബി.ജെ.പി വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ച് ‘എക്‌സി’ൽ പോസ്റ്റുകൾ പങ്കുവെച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെയും ഡൽഹി പൊലീസ് കേസെടുത്തു. നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എ.എ.പിയുടെ ഔദ്യോഗിക ഹാൻഡിൽ ‘എക്‌സി’ൽ അടുത്ത ദിവസങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായി പറയുന്നു. പ്രധാനമന്ത്രി മോദിയുടെയും ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള വിവിധ ട്വീറ്റുകൾ പരാമർശിച്ച് ബി.ജെ.പിയുടെ ഡൽഹി യൂനിറ്റ് ഓഫിസ് സെക്രട്ടറി ബ്രിജേഷ് റായി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.