ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സ്വീകരിക്കുന്നു
കൊച്ചി: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ലക്ഷദ്വീപിലെത്തി. വെള്ളിയാഴ്ച ഉച്ചയോടെ അഗത്തി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെയും ഭാര്യയെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ സ്വീകരിച്ചു. സൈനിക മേധാവികൾ, മുതിർന്ന യു.ടി.എൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. തുടർന്ന്, സേനാവിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണറും സ്കൂൾ ബാൻഡിന്റെ സ്വീകരണവും നടന്നു.
വൈകീട്ട് മൂന്നോടെ പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുത്തു. ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ലെന്നും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന് വലുപ്പം ചെറുതായിരിക്കാം, പക്ഷേ അതിന്റെ ഹൃദയം വളരെ വലുതാണ്. ബംഗാരം ഐലൻഡ് ടെന്റ് സിറ്റി റിസോർട്ട് ഒരു ടൂറിസ്റ്റ് വിപ്ലവമാണ്. 17,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകോത്തര ആതിഥേയത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, അഡ്വ. ഹംദുല്ല സഈദ് എം.പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചേത്തലാത്ത് ദ്വീപിൽ പ്രവർത്തനസജ്ജമായ കടൽ ജലത്തിൽനിന്നും പ്രതിദിനം 1.5 ലക്ഷം ലിറ്റർ കുടിവെള്ളം നിർമിക്കാൻ ശേഷിയുള്ള പ്ലാൻറിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
കൽപേനി ദ്വീപിൽ സജ്ജീകരിച്ചിരിക്കുന്ന നന്ദ് ഘർ അംഗൻവാടി സെൻററും ബംഗാരം ദ്വീപിൽ പ്രവർത്തന സജ്ജമായ ടെൻറ് സിറ്റിയും ഉപരാഷ്ട്രപതി വേദിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ, സൈക്കിളുകൾ, കെ.സി.സി, പി.എം.ജെ.എ.വൈ, പ്രധാനമന്ത്രി സൂര്യ ഘർ മുക്ത് ബിജ്ലി എന്നിവ ഉൾപ്പെടുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള കാർഡുകളും ഉപരാഷ്ട്രപതി വിതരണം ചെയ്തു.
19ന് അദ്ദേഹം ലക്ഷദ്വീപിൽനിന്ന് മടങ്ങും. യാത്രയുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോകോൾ ഓഫിസർ എസ്. ഹരികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.