നൈനിറ്റാൾ: ഹരിദ്വാറിൽ അറവുശാലകൾ നിരോധിച്ച സർക്കാർനടപടി ചോദ്യംചെയ്ത് ഉത്തരാഖണ്ഡ് ഹൈകോടതി. വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കോടതി, ഒരു നാഗരികത വിലയിരുത്തപ്പെടുന്നത് അത് അവിടെയുള്ള ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് ഇടപെടുന്നത് എന്നതിെൻറ അടിസ്ഥാനത്തിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ ജില്ലയിലെ മാംഗലൂർ നിവാസികൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ആർ.എസ്. ചൗഹാൻ, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരോധനത്തിെൻറ ഭരണഘടനാസാധുത ചോദ്യം ചെയ്തത്.
''ജനാധിപത്യം കൊണ്ട് അർഥമാക്കുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നതാണ്. ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് ഒരു നാഗരികത വിലയിരുത്തപ്പെടുന്നത്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള പൗരെൻറ അവകാശത്തിൽ ഭരണകൂടത്തിന് എത്രമാത്രം അധികാരമുണ്ട് എന്ന ചോദ്യമുയർത്തുന്നതാണ് ഹരിദ്വാറിലെ അറവുശാല നിരോധനം'' -ബെഞ്ച് വ്യക്തമാക്കി. ഹരിദ്വാർ ജില്ലയിലെ മുഴുവൻ അറവുശാലകളുടെയും അനുമതി ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ റദ്ദാക്കിയത്.
സ്വകാര്യതക്കും ജീവിക്കാനുള്ള അവകാശത്തിനും സ്വതന്ത്രമായി മതാചാരം പുലർത്തുന്നതിനും എതിരാണ് നിരോധനമെന്നും മുസ്ലിംകൾ ധാരാളം താമസിക്കുന്ന മാംഗലൂർ പോലുള്ള പട്ടണങ്ങളിലെ ജനങ്ങളോടുള്ള വിവേചനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജാതിമത ഭിന്നതയില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ശുദ്ധമായ സസ്യേതര ഭക്ഷണം വിലക്കുന്ന വിവേചനം പരസ്പര സ്പർധ വർധിക്കാൻ ഇടയാക്കും. ഒരുതരത്തിലുള്ള മാംസവും അനുവദിക്കില്ല എന്ന് വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.''- ഹരജി പറയുന്നു.
ഹരജി ഗൗരവതരവും മൗലികവുമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതിൽ ഭരണഘടനാപരമായ വിശകലനം ആവശ്യമാണെന്നും വിലയിരുത്തി. ഭക്ഷണം നിശ്ചയിക്കാനുള്ള അവകാശം പൗരനാണോ അതോ ഭരണകൂടത്തിനോ എന്നതാണ് ചോദ്യം.ഇതൊരു ഭരണഘടനാപരമായ വിഷയമാണ്. ആഘോഷങ്ങളുമായി മാത്രം ബന്ധപ്പെടുത്തി ഒതുക്കാവുന്നതല്ല. അതിനാൽ വിശദമായ വാദം കേൾക്കൽ ആവശ്യമാണ്.ബക്രീദ് വരുന്നതിനുമുമ്പ് ഹരജിയിൽ തീർപ്പുകൽപിക്കാനാവില്ല എന്നതിനാൽ അടുത്ത വാദം കേൾക്കൽ ജൂലൈ 23ലേക്ക് മാറ്റിയതായി ൈഹകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.