ഡറാഡൂൺ: ജീവൻമരണ പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡിൽ. രണ്ട് നേതാക്കളാണ് അത് മുന്നിൽ നിന്ന് നയിക്കുന്നത്. തോൽക്കുന്നയാൾക്ക് ഭാവി രാഷ്ട്രീയം കഠിന പരീക്ഷണമാകും എന്നതാണ് മത്സരത്തെ നിർണായകമാക്കുന്നത്. ഇതിൽ ആദ്യത്തെയാൾ യുവരക്തം. ഉത്തരാഖണ്ഡിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഇഷ്ടക്കാരൻ. വെറും ആറുമാസം മുമ്പ് അധികാരത്തിൽ വന്നിട്ടും ഭരണത്തിൽ മികച്ച റെക്കോഡിട്ടുവെന്ന് കേന്ദ്രത്തെക്കൊണ്ട് പറയിപ്പിച്ചയാൾ. മറുവശത്ത് കോൺഗ്രസിന്റെ പടക്കുതിരയും സംസ്ഥാന രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവുമായ ഹരീഷ് റാവത്ത്. മുഖ്യമന്ത്രിയായിരിക്കെ 2017ൽ രണ്ടിടത്ത് മത്സരിച്ച്, രണ്ടിലും തോറ്റെങ്കിലും പാർട്ടിക്ക് ഇവിടെ പകരക്കാരനില്ല. എന്ത് വന്നാലും ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി ഉത്തരാഖണ്ഡിലും കൂമ്പടയുമെന്ന വലിയ ആശങ്കയും പാർട്ടിയെ അലട്ടുന്നുണ്ട്. കോൺഗ്രസും ബി.ജെ.പിയും മാറി മാറി അധികാരത്തിൽ വരുന്ന സംസ്ഥാനമെന്ന പ്രത്യേകത ഇത്തവണ കോൺഗ്രസിന് അനുകൂലമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാരെ കൊണ്ടുവരേണ്ടി വന്നുവെന്നതാണ് റാവത്ത് ബി.ജെ.പിയുടെ പരാജയമായി ഉയർത്തിക്കാട്ടുന്നത്.
കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഭുവൻ ചന്ദ്ര കാപ്രിയാണ് ഇത്തവണയും ധാമിയുടെ എതിരാളി. 2017ലെ തെരഞ്ഞെടുപ്പിൽ ഖാതിമ മണ്ഡലത്തിൽ 2709 വോട്ടിനാണ് ധാമി കാപ്രിയെ പരാജയപ്പെടുത്തിയത്. 2012ൽ കോൺഗ്രസിലെ ദേവേന്ദ്ര ചാന്ദിനെയാണ് 5000ത്തിലേറെ വോട്ടിന് ധാമി തോൽപിച്ചത്. ആം ആദ്മി പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ എസ്.എസ്. കാലറും ഇത്തവണ ഖാതിമയിൽ രംഗത്തുണ്ടെന്നത് മണ്ഡലത്തിന്റെ മത്സര സ്വഭാവം തന്നെ മാറ്റിയിട്ടുണ്ട്. സിഖുകാരും കർഷകരും ഏറെയുള്ള മണ്ഡലം ഇത്തവണ ധാമിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. അതിനേക്കാൾ ഉപരിയായി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും അധികാരത്തിലിരുന്നതിന് തൊട്ടുപിന്നാലെ മത്സരിച്ച് ജയിച്ചിട്ടില്ലെന്നതും പ്രതികൂല ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.