ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽ ഇന്നുണ്ടാകില്ല. വിദ്യാർഥി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ക്യാമ്പസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചിട്ടുമുണ്ട്. അതേസമയം, ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു.
സർവകലാശാല ക്യാമ്പസിനകത്ത് യാതൊരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സർവകലാശാലയുടെ നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ക്യാമ്പസിനകത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് വിദ്യാർഥി സംഘടനകൾ നടത്തുന്നതെന്ന് സർവകലാശാലാ അധികൃതർ കുറ്റപ്പെടുത്തി. വിദ്യാർഥികളെ കരുതൽ തടങ്കലിൽവെച്ചതിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികൾ പ്രകോപനം കൂടാതെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് വലിച്ചിഴച്ച് ബലം പ്രയോഗിച്ച് നീക്കി. യൂണിവേഴ്സിറ്റിയിലെ എല്ലാ ഗേറ്റുകളും ഇതിനോടകം അടച്ചിട്ടുണ്ട്. സർവകലാശാലയിലെ നാല് എസ്.എഫ്.ഐ നേതാക്കളെയും എൻ.എസ്.യു നേതാവ് അബ്ദുൽ ഹമീദിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറി ലുബൈബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിന് അകത്തുള്ളവരെ പുറത്തിറങ്ങാനും പൊലീസ് അനുവദിച്ചിരുന്നില്ല. ക്യാമ്പസിനടുത്ത്‌നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.