ചെന്നൈ: 'വെറ്റ്റി നടൈ പോടും തമിഴകം' -അണ്ണാ ഡി.എം.കെ,'തമിഴകം മീട്പ്പോം', ഉങ്കൾ തൊകുതിയിൽ സ്റ്റാലിൻ' - ഡി.എം.കെ എന്നിങ്ങനെ നൂതന മുദ്രാവാക്യങ്ങളുമായി തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം. പരമ്പരാഗത വൈരികളായ ഡി.എം.കെ - അണ്ണാ ഡി.എം.കെ സഖ്യങ്ങൾ തമ്മിലാണ് പ്രധാന മത്സരം.
ലോക്സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സഖ്യ സമവാക്യങ്ങളിൽ ഏറെ മാറ്റങ്ങളൊന്നും പ്രകടമല്ലെങ്കിലും ബംഗളൂരു ജയിലിൽനിന്ന് മോചിതയായ വി.കെ. ശശികലയുടെ സാന്നിധ്യം മുഖ്യഘടകമാണ്. നടൻ രജനികാന്തിെൻറ രാഷ്ട്രീയ പിന്മാറ്റം ബി.ജെ.പിയൊഴിച്ച് മറ്റെല്ലാ കക്ഷികൾക്കും ആശ്വാസമാണ് പകർന്നത്.
നടൻ കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതി മയ്യ'ത്തിെൻറ നേതൃത്വത്തിൽ മൂന്നാം മുന്നണിക്കുള്ള സാധ്യതകളും തെളിയുന്നുണ്ട്.
കലൈജ്ഞർ കരുണാനിധിയും പുരട്ച്ചി തലൈവി ജയലളിതയും കളത്തിൽ ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. നിലവിൽ അണ്ണാ ഡി.എം.കെ ജോ. കൺവീനറും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും തമ്മിലാണ് മുഖ്യമന്ത്രി പദത്തിനുവേണ്ടി ഏറ്റുമുട്ടുന്നത്. ഇരുവരെയും സംബന്ധിച്ചിടത്തോളം
രാഷ്ട്രീയത്തിൽ നിലനിൽപിെൻറ കൂടി പ്രശ്നമായതിനാൽ ജീവൻമരണ പോരാട്ടമാണ് അരങ്ങേറുക. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് കാലം ഉത്സവ പ്രതീതിയായിരിക്കും. വരും നാളുകളിൽ ഇരു മുന്നണികളും കോടികളാവും ഒഴുക്കുക. ജാതി സമവാക്യങ്ങളും നിർണായകമാണ്. കൗണ്ടർ, തേവർ, മുക്കുലത്തോർ, വണ്ണിയർ തുടങ്ങിയ സമുദായങ്ങൾക്കാണ് ഏറെ സ്വാധീനം.
മൊത്തം നിയമസഭ സീറ്റുകളുടെ എണ്ണം 234. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ 134 സീറ്റുകൾ നേടിയതോടെയാണ് ജയലളിത തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയത്. ഡി.എം.കെ - 89, കോൺഗ്രസ് എട്ട്, മുസ്ലിംലീഗ് - ഒന്ന് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ കക്ഷിനില.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 ലോക്സഭ മണ്ഡലങ്ങളിൽ 38 ഇടങ്ങളിലും ഡി.എം.കെ സഖ്യത്തിനായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.