ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍െറ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തിയ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ തിങ്കളാഴ്ച പാര്‍ലമെന്‍റ് വളപ്പില്‍ ധര്‍ണ നടത്തും. പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ രാവിലെ ധര്‍ണ നടത്തിയശേഷം ഇരുസഭകളിലും പ്രതിപക്ഷം വിഷയമുന്നയിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്‍റില്‍ ഏതെല്ലാം തരത്തില്‍ പ്രതിഷേധം വേണമെന്ന് ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ എം.പിമാര്‍ രാവിലെ ഒമ്പതരക്ക് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫിസില്‍ യോഗം ചേരും. പത്തരക്കാണ് ഗാന്ധി പ്രതിമക്കു മുന്നില്‍ ധര്‍ണ നടത്തുകയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച രാജ്യസഭയില്‍ വിഷയമുന്നയിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ലോക്സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയിരുന്നില്ല.
എന്നിട്ടും മൂന്നു തവണ വിഷയമുന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത് ബഹളത്തില്‍ കലാശിച്ചു. നടപടി തുടരാനാകാതെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയാണ് വെള്ളിയാഴ്ച ചെയ്തത്. അതേസമയം, രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ഇടപെടലിനെതിരെ ആഞ്ഞടിച്ച സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ലമെന്‍ററി സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാറിനുവേണ്ടി മറുപടി പറയാന്‍ പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എഴുന്നേറ്റെങ്കിലും പ്രതിപക്ഷനേതാവ് ഗുലാം നബി അനുവദിച്ചില്ല. മുഴുവന്‍ എം.പിമാര്‍ക്കും പറയാനുള്ളത് തിങ്കളാഴ്ച കേട്ടശേഷം സര്‍ക്കാര്‍ മറുപടി പറഞ്ഞാല്‍ മതിയെന്ന് വ്യക്തമാക്കിയാണ് നഖ്വിയെ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.