മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ വിയോജിച്ചു

ന്യൂഡൽഹി: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 201​9ലെ നിയമം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ ശരിവെച്ചു. അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബാല എം ത്രിവേദി, ജെ.ബി പാർഡിവാല എന്നിവർ കേന്ദ്ര സർക്കാറിന്റെ നിയമനിർമാണം പൂർണമായും ഭരണഘടനാപരമാണെന്ന് ശരിവെച്ചു.

എന്നാൽ, സാമ്പത്തിക സംവരണം നിയമ പരമാണെങ്കിലും പട്ടിക ജാതി- പട്ടിക വർഗങ്ങളെയും, മറ്റു പിന്നാക്ക വിഭാഗങ്ങളെയും സാമ്പത്തിക സംവരണത്തിൽ നിന്ന് പുറന്തള്ളിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും തങ്ങളുടെ ന്യൂനപക്ഷ വിധിയിൽ കുറിച്ചു. ആകെയുള്ള സംവരണം 50 ശതമാനം എന്ന പിരിധി കടക്കുന്നതിനെയും ന്യൂനപക്ഷ വിധി നിരാകരിച്ചു. അഞ്ച് ജഡ്ജിമാരിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത് ഒഴികെ നാല് പേരും വ്യത്യസ്ത വിധിപ്രസ്താവങ്ങളെഴുതി.

മുഖ്യമായും മൂന്ന് വിഷയങ്ങളായിരുന്നു തങ്ങൾക്ക് മുന്നിലുണ്ടായിരുന്നതെന്ന് നിയമത്തെ പൂർണമായും പിന്തുണച്ച മൂന്നംഗബെഞ്ചിനെ നയിച്ച് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. സാമ്പത്തികാവസ്ഥ സംവരണ മാനദണ്ഡമാക്കിയതിനാൽ 103ാം ഭരണഘടനാ ഭേദഗതി ഭരണഘടനാപരമോ എന്നാണ് ഒന്നാമത്തെ വിഷയം.

അത് പ്രശ്നമില്ലെങ്കിൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ഒഴിവാക്കിയത് ഭരണഘടനാപര​മാണോ എന്നതാണ് രണ്ടാമത്തെ വിഷയം. ഏത് വിധേനയുമുള്ള പരമാവധി സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന നിയമത്തിന് വിരുദ്ധമാകുമോ എന്നതാണ് മൂന്നാമത്തെ വിഷയം. ഈ മൂന്ന് നിലക്കും മുന്നാക്ക സംവരണം ഏർപ്പെടുത്തിയ 2019ലെ കേന്ദ്ര നിയമം ഭരണഘടനാവിരുദ്ധമല്ല എന്ന് മൂന്ന് ജഡ്ജിമാരും വ്യത്യസ്ത വിധി പ്രസ്താവങ്ങളിലായി വിധിച്ചു.

സാമ്പത്തികം സംവരണത്തിന് മാനദണ്ഡമാക്കാമെന്നും സാമ്പത്തിക സംവരണത്തിൽ സാമൂഹിക സംവരണ വിഭാഗങ്ങളെ പരിഗണിക്കേണ്ടതില്ലെന്നും സാമ്പത്തിക സംവരണത്തോടെ രാജ്യത്തെ ആകെ സംവരണം 50 ശതമാനം കവിഞ്ഞാലും കുഴപ്പമില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ഭുരിപക്ഷ വിധിയിൽ വ്യക്തമാക്കി.

സംവരണം സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല; ദുർബല വിഭാഗമെന്ന വിവരണത്തിൽപ്പെടുന്ന ഏത് വിഭാഗത്തിനും വർഗത്തിനുമുള്ളതാണ്. ഭരണഘടനയുടെ 16(4) അനുഛേദ പ്രകാരം വിവേചനത്തിന്റെ നഷ്ടപരിഹാരമായി നിലവിൽ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങൾക്ക് മറ്റു ആനുകൂല്യങ്ങൾ നൽകേണ്ട. 50 ശതമാനമെന്നത് മാറ്റം വരുത്താനാകാത്ത പരിധിയല്ലെന്ന് ദിദേശ് മഹേശ്വരി തുടർന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഭരണഘടനാവിരുദ്ധമല്ലെങ്കിലും അതിൽ നിന്ന് സാമൂഹികമായും വിദ്യാഭ്യഭാസപരമായും പിന്നിലായ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ പാവങ്ങളെ അവർക്ക് സാമൂഹിക സംവരണത്തിന്റെ ആനുകൂല്യമുള്ളതിന്റെ പേരിൽ പുറന്തള്ളിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവർ ന്യൂനപക്ഷ വിധിയിൽ വ്യക്തമാക്കി.

എസ്.സി, എസ്.ടി, ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൽ നിന്ന് പുറന്തള്ളുന്നത് ഭരണഘടനയുടെ സമത്വ, സാഹോദര്യ തത്വങ്ങളുടെ മരണമണിയാണ്. അവരുടെ സാമൂഹികമായ അസ്ഥിത്വം അടിസ്ഥാനമാക്കിയുള്ള ഈ പുറന്തള്ളൽ തുല്യതാ നിയമത്തെ തകർക്കുമെന്ന് ഇരു ജഡ്ജിമാരും ഓർമിപ്പിച്ചു. ആകെ സംവരണത്തി​ന്റെ 50 ശതമാനം പരിധി ലംഘിക്കാൻ അനുവദിച്ചാൽ കൂടുതൽ ലംഘനങ്ങളുണ്ടാകുമെന്നും ഇരുവരും ഓർമിപ്പിച്ചു.

Tags:    
News Summary - EWS reservation case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.