മുംബൈ: 750 കിലോ ഉള്ളി വിൽക്കാൻ ചെന്ന സഞ്ജയ് സാത്തെ വില കേട്ട് ഞെട്ടി. കിലോക്ക് ഒരു രൂപ. പേശി പേശി അത് 1.40 രൂപയിലെത്തിച്ചു. നാലു മാസത്തെ അധ്വാനത്തിന് കിട്ടിയ ചില്ലിക്കാശായ 1064 രൂപയുമായി സാത്തേ തെൻറ രോഷം പ്രധാനമന്ത്രിയെ അറിയിക്കാൻ നേരെ പോയത് പോസ്റ്റ് ഒാഫിസിലേക്കാണ്. കിട്ടിയ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണിയോർഡർ അയച്ചു. അതിന് 54 രൂപ ഫീസുമായി.
നാസികിലെ നിഫദ് താലൂക്കുകാരനായ സഞ്ജയ് സാത്തെ ചില്ലറക്കാരനല്ല. അത്യാധുനിക സംവിധാനം ഉപയോഗിച്ച് കൃഷി നടത്തിയും മറ്റു കർഷകരെ അത് പഠിപ്പിച്ചും ഖ്യാതി നേടുകയും അതുവഴി മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുകയും ചെയ്ത കർഷകനാണ്. 2010ൽ ഒബാമയുടെ മുംബൈ സന്ദർശന വേളയിലായിരുന്നു കൂടിക്കാഴ്ച. പുത്തൻ കാർഷിക വിദ്യ ആകാശവാണി വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വിളകൾക്ക് പരിഹാസ്യമാം വിധം വിലയിടിഞ്ഞതിൽ നിരാശരായ കർഷകരുടെ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. ചില്ലിക്കാശ് പ്രധാനമന്ത്രിക്ക് അയച്ചും കൃഷി നശിപ്പിച്ചുമാണ് രോഷപ്രകടനം. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിലെ നാസിക്കിലും അഹ്മദ്നഗറിലുമാണ് കർഷകരുടെ നിരാശ പാരമ്യത്തിലെത്തിയത്.
അഹ്മദ് നഗറിലെ സകൂരി ഗ്രാമത്തിലെ വഴുതന കർഷകൻ രാജേന്ദ്ര ബാവകെ കൃഷി മൊത്തമായി നശിപ്പിച്ചാണ് രോഷം പ്രകടിപ്പിച്ചത്. രണ്ടേക്കറിൽ രണ്ടു ലക്ഷം രൂപ മുതലിറക്കി ഉൽപാദിപ്പിച്ച വഴുതനക്ക് 65,000 രൂപ മാത്രം ലഭിച്ചതാണ് രാജേന്ദ്രയെ ക്ഷുഭിതനാക്കിയത്.
നാസിക്കിലെയും സൂറത്തിലെയും മൊത്ത വ്യാപാര സ്ഥാപനങ്ങൾ കിലോക്ക് 20 പൈസയാണ് വിലയിട്ടത്. കൂടുതൽ നഷ്ടം വേണ്ടെന്നു പറഞ്ഞ് ശേഷിച്ച കൃഷി വേരോടെ നശിപ്പിക്കുകയായിരുന്നു. കൃഷിയിറക്കാൻ എടുത്ത 35,000 രൂപയുടെ കടം എങ്ങനെ വീട്ടുമെന്ന് പറഞ്ഞ് രാജേന്ദ്ര വിലപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.