ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്കും കഴിഞ്ഞ വർഷം കർഷക വിരുദ്ധ നിയമ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പഞ്ചാബിലെത്തി. വിളകൾക്ക് താങ്ങുവില സംബന്ധിച്ച് ഭരണഘടനാ ഗ്യാരണ്ടി ലഭിക്കുന്നതുവരെ കർഷക നേതാക്കളോട് രാജ്യത്തിനായി പ്രക്ഷോഭം തുടരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയുമെന്നും കെ.സി.ആർ പറഞ്ഞു. ആം ആദ്മി പാർട്ടി പോലുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേരുകയും പിന്തുണക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന വൻ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായ പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്തും പങ്കെടുത്തു. വളം വിലക്കയറ്റം, തെറ്റായ മിനിമം താങ്ങുവില, ഇന്ധനച്ചെലവ് എന്നിവയുൾപ്പെടെ കർഷകരുടെ പ്രശ്നങ്ങളിൽ അദ്ദേഹം കേന്ദ്രത്തെ കടന്നാക്രമിച്ചു.
ഒരു വർഷം നീണ്ടുനിന്ന സമരത്തിൽ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും അവരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് തെലങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
രാഷ്ട്രീയത്തിൽ ദേശീയ പങ്കുവഹിക്കുന്ന കെ.സി.ആർ പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം നേരത്തെ ഡൽഹിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും ഡൽഹി സർക്കാർ സ്‌കൂളിൽ സന്ദർശനം നടത്തുകയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിദ്യാഭ്യാസ മാതൃകയെ പുകഴ്ത്തുകയും ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി വേദി പങ്കിട്ടു.
മെയ് 26ന് റാവു ബംഗളൂരുവിൽ മുൻ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം അടുത്ത ദിവസം മഹാരാഷ്ട്രയിലെ റാലേഗൻ സിദ്ധിയിൽ പോയി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.