ചെന്നൈ: സ്വകാര്യ ആശുപത്രിയിൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഭർത്താവ് എൻ. നടരാജനെ, പരോളിലിറങ്ങിയ അണ്ണാ ഡി.എം.കെ വിമത നേതാവ് വി.കെ. ശശികല സന്ദർശിച്ചു. ശനിയാഴ്ച രാവിലെ പത്തോടെ ആശുപത്രിയിലെത്തിയ അവർ, രണ്ടുമണിക്കൂർ നടരാജനൊപ്പം ചെലവഴിച്ചു. തുടർന്ന് ടി.നഗർ ഹബീബുല്ല സ്ട്രീറ്റിലെ അടുത്ത ബന്ധുവിെൻറ വീട്ടിലേക്ക് തിരിച്ചു.
അഴിമതി കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ശശികലക്ക് നടരാജനെ കാണാനാണ് അഞ്ച് ദിവസത്തെ പരോൾ ലഭിച്ചത്. വൃക്ക, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിെൻറ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഗുരുതരമായി തുടരുകയാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു. ഇത് ചൂണ്ടിക്കാട്ടി പരോൾ കാലാവധി നീട്ടാൻ അപേക്ഷ നൽകുമെന്നു ദിനകരപക്ഷത്തെ പ്രമുഖൻ നാഞ്ചിൽ സമ്പത്ത് അറിയിച്ചു. പരോൾ വ്യവസ്ഥ പ്രകാരം രാഷ്ട്രീയ ഇടപെടലുകൾക്ക് കർശന വിലക്കുണ്ടെങ്കിലും നൂറുകണക്കിന് പ്രവർത്തകർ ശശികലക്ക് അഭിവാദ്യമർപ്പിക്കാൻ വീടിന് പുറത്ത് തടിച്ചുകൂടി. ദിനകരപക്ഷത്തെ എം.പിമാരും എം.എൽ.എമാരും വീടിെൻറ പരിസരത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മടങ്ങി. എന്നാൽ, കർശന നിയന്ത്രണമുള്ളതിനാൽ ആരും കൂടിക്കാഴ്ച നടത്തിയില്ല.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിശകലക്കൊപ്പം ശിക്ഷ അനുഭവിക്കുന്ന സഹോദരഭാര്യ ഇളവരശിയുടെ മകൾ വിഷ്ണുപ്രിയയുടെ വീട്ടിലാണ് ശശികല താമസിക്കുന്നത്. ചെന്നൈ പൊലീസിെൻറ ആവശ്യപ്രകാരമാണ് രാഷ്ട്രീയ ഇടപെടലുകൾക്ക് കർശന വിലക്ക് പരോൾ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയത്. അതിനാൽ മറീന ബീച്ചിലെ ജയലളിത സ്മാരകം സന്ദർശിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മന്ത്രിമാരിൽ ചിലർ ശശികലയെ കാണാനെത്തുമെന്ന അഭ്യൂഹമുണ്ട്.
ഫെബ്രുവരിയിൽ ശശികല ജയിലിലേക്ക് പോകുമ്പോൾ അഭിവാദ്യമർപ്പിക്കാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവർത്തകരുടെ സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിരളമായ ജനക്കൂട്ടമാണ് അനുകൂല മുദ്രാവാക്യവുമായി എത്തിയത്. ശശികലക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പരിമിതിയുണ്ടെങ്കിലും അവരുടെ വരവ് അണ്ണാ ഡി.എം.കെയിലെ ദിനകരപക്ഷത്തിന് പുതിയ ഊർജം പകർന്നിട്ടുണ്ട്. വീടിന് മുന്നിലെ നീക്കങ്ങളിൽ അതു ദൃശ്യമാണ്. നടരാജെന കാണാൻ ആശുപത്രിയിലേക്കുള്ള യാത്രയിൽ, ജയലളിതയെ അനുകരിച്ച ശശികല വാഹനവ്യൂഹം കോട്ടൂർപുരം ഗണേശ ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ വാഹനത്തിൽനിന്ന് കൈക്കൂപ്പി മിനിറ്റുകളോളം പ്രാർഥിച്ച ശേഷമാണ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.