ന്യൂഡൽഹി: കൊൽക്കത്തയിൽ നടന്ന കോൺഗ്രസ്, ഇടത് റാലിയിൽ യുവ ഇസ്ലാമിക പ്രബോധകൻ കൂടിയായ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് നേതാവ് അബ്ബാസ് സിദ്ദീഖി പങ്കെടുത്തതിനെച്ചൊല്ലി കോൺഗ്രസിൽ പോര്. ഐ.എസ്.എഫ് പോലുള്ള പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെടുന്നത് കോൺഗ്രസിെൻറ അടിസ്ഥാന ആശയങ്ങൾക്കും മതനിരേപക്ഷതക്കും വിരുദ്ധമാണെന്ന കുറ്റപ്പെടുത്തലുമായി പശ്ചിമബംഗാൾ പി.സി.സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിക്കെതിരെ വിമത നേതാക്കളിൽ ഒരാളായ ആനന്ദ് ശർമ രംഗത്തുവന്നു.
ഇത്തരം സഖ്യങ്ങൾ ഉണ്ടാക്കുന്നതിനുമുമ്പ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചർച്ച നടത്തണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇതു ചൂണ്ടിക്കാട്ടി ആനന്ദ് ശർമ ട്വിറ്ററിൽ കുറിപ്പ് ഇടുകയും ചെയ്തു. വർഗീയതക്കെതിരായ പോരാട്ടത്തിൽ തരാതരംപോലെ നയം സ്വീകരിക്കാൻ കോൺഗ്രസിന് പറ്റില്ല. വർഗീയതയുടെ എല്ലാ രൂപങ്ങൾക്കുമെതിരെ കോൺഗ്രസ് നിലകൊള്ളണം. പശ്ചിമബംഗാളിലെ കോൺഗ്രസ് നേതാവ് യോഗത്തിൽ പങ്കെടുത്തതും പിന്തുണച്ചതും ലജ്ജാവഹം. അദ്ദേഹം നിലപാട് വിശദീകരിക്കണമെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു. അധിർരഞ്ജൻ ചൗധരി തിരിച്ചടിച്ചു. കോൺഗ്രസ് നേതൃത്വത്തിെൻറ അനുമതി കൂടാതെ താൻ ഒന്നും ചെയ്യാറില്ല. സി.പി.എമ്മും ഇടതുമുന്നണിയും നയിക്കുന്ന മതേതരസഖ്യത്തിൽ കോൺഗ്രസ് പ്രധാന പങ്കാളിയാണ്.
ബി.ജെ.പിയുടെ വർഗീയ, വിഭാഗീയ രാഷ്്ട്രീയം ചെറുത്തുതോൽപിക്കാൻ നിശ്ചയദാർഢ്യത്തോടെയാണ് മുന്നണി പ്രവർത്തിക്കുന്നത്. കോൺഗ്രസിന് അർഹതപ്പെട്ട സീറ്റ് കിട്ടിയിട്ടുണ്ട്. പുതുതായി രൂപവത്കരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് ഇടതുമുന്നണിയാണ് സീറ്റ് നൽകുന്നത്. സി.പി.എം നയിക്കുന്ന മുന്നണിയുടെ തീരുമാനത്തെ വർഗീയമെന്ന് വിളിക്കുന്ന താങ്കൾ ബി.ജെ.പിയുടെ വിഭാഗീയ അജണ്ടയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അധീർ രഞ്ജൻ പറഞ്ഞു.
ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും വിഷലിപ്തമായ വർഗീയതക്കെതിരെ പോരാടാൻ പ്രതിബദ്ധതയുള്ളവർ അഞ്ചു സംസ്ഥാനങ്ങളിലെ പാർട്ടി പ്രചാരണത്തിൽ പങ്കെടുത്ത് കോൺഗ്രസിനെ സഹായിക്കുകയാണ് വേണ്ടത്. ബി.ജെ.പി ലൈനിൽ പാർട്ടിയെ അവമതിച്ചുകാണുകയല്ല വേണ്ടത്. സ്വന്തം സ്ഥാനമാനങ്ങൾ സുരക്ഷിതമാക്കുന്ന രീതിക്കുപകരം കോൺഗ്രസിലെ 'വിശിഷ്ട' സംഘം മാറിച്ചിന്തിക്കണം. പ്രധാനമന്ത്രിക്ക് വാഴ്ത്തുപാട്ടുമായി സമയം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.