ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പെഗസസ് കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കേ ചാരവൃത്തിക്കിരയായ അഞ്ച് മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ. പരൻജോയ് ഗുഹ താക്കൂർത്ത, പ്രേം ശങ്കർ ഝാ, എസ്.എൻ.എം ആബ്ദി, രൂപേഷ് കുമാർ സിങ്, ഇപ്സ ഷതാക്സി എന്നിവരാണ് കോടതിയെ സമീപിച്ചത്. ആദ്യമായാണ് പെഗസസ് ചാരവൃത്തിക്കിരയായവർ നേരിട്ട് സുപ്രീംകോടതിയിലെത്തുന്നത്.
സർക്കാർ ഏജൻസികളുടെ അനധികൃത ചാരവൃത്തിയിലൂടെ ഭരണഘടന തങ്ങൾക്ക് ഉറപ്പുനൽകിയ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് മാധ്യമപ്രവർത്തകർ ബോധിപ്പിച്ചു. മൊബൈൽ ഫോണുകൾ പെഗസസ് ചാരവൃത്തിക്കിരയായെന്ന് ആംനസ്റ്റി ഇൻറർനാഷനൽ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടുവെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. സർക്കാറോ കേന്ദ്ര ഏജൻസികളോ ആണിത് ചെയ്തതെന്നും പെഗസസ് ഉപയോഗിച്ചത് സർക്കാർ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും ഹരജിയിലുണ്ട്.
ഹരജികൾ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത് കൂടി അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുക.
പെഗസസ് ചാരവൃത്തിയിൽ സുപ്രീംകോടതി ജഡ്ജിയുടെ മോൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ. റാമും ശശികുമാറും സമർപ്പിച്ച പൊതുതാൽപര്യ ഹരജിക്ക് പുറമെ സുപ്രീംകോടതി അഭിഭാഷകൻ മനോഹർ ലാൽ ശർമയയും കേരളത്തിൽ നിന്നുള്ള സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസും സമർപ്പിച്ച ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.