ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ഉർദു കവിയും കോൺഗ്രസ് രാജ്യസഭാംഗവുമായ ഇംറാൻ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് ഫയൽ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കി സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഗുജറാത്ത് പൊലീസ് പ്രതാപ് ഗഡിക്ക് മേൽ ചുമത്തിയ ഭാരതീയ ന്യായസംഹിത(ബി.എൻ.എസ്)യുടെ 196-ാം വകുപ്പ് പരിമിതപ്പെടുത്തുന്ന നിയന്ത്രണത്തിനും അതീതമാണ് അഭിപ്രായ സ്വാതന്ത്ര്യം. എല്ലാ നേരിയ വിമർശനങ്ങളെയും കുറ്റകൃത്യമായി കാണുന്ന ദുർബലരായ ആളുകളുടെ മാനദണ്ഡം വെച്ചല്ല അഭിപ്രായ സ്വാതന്ത്ര്യത്തെ അളക്കേണ്ടത്.
പൊലീസ് ഉദ്യോഗസ്ഥർ പൗരന്മാർ എന്ന നിലയിൽ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്. എല്ലാ വിമർശനങ്ങളും തങ്ങൾക്കെതിരായ ആക്രമണമാണെന്ന് കരുതുന്ന ദുർബല മനസ്കരുടെ അളവുകോൽ വെച്ചല്ല അഭിപ്രായ സ്വാതന്ത്ര്യം അളക്കേണ്ടത്. ധൈര്യമുള്ള മനസ്സുകളുടെ നിലപാടിൽ നിന്നാണത് ചെയ്യേണ്ടത്. ഏതെങ്കിലും വാക്കുകൾ പറഞ്ഞതിന്റെ പേരിൽ കേസിന് മുതിരുമ്പോൾ മൗലികാവകാശ സംരക്ഷണത്തിനുള്ള വകുപ്പുകളും നോക്കണം. ഭാരതീയ ന്യായസംഹിത(ബി.എൻ.എസ്)യുടെ 173(3) വകുപ്പ് പ്രകാരം മൂന്നു വർഷത്തിനു മുകളിലും ഏഴു വർഷത്തിന് താഴെയും ശിക്ഷയുള്ള കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പൊലീസ് ഉദ്യോഗസ്ഥൻ പ്രാഥമിക അന്വേഷണം നടത്തുകയും പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെടുകയും വേണം.
‘യേ ഖൂൻ കേ പ്യാസെ ബാത് സുനോ’ എന്ന കവിതക്കൊപ്പം ഇംറാൻ പ്രതാപ്ഗഡി പങ്കുവെച്ച വിഡിയോക്കെതിരെ ഒരു അഡ്വക്കറ്റ് ക്ലർക്ക് നൽകിയ പരാതിയിലാണ് വിവിധ വകുപ്പുകൾ ചാർത്തി ഗുജറാത്ത് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ദേശീയോദ്ഗ്രഥനത്തിനുവിരുദ്ധമായ പരാമർശത്തിന് 197ഉം ബോധപൂർവം മതവികാരം വ്രണപ്പെടുത്തുന്നതിനുള്ള 299ഉം മതവികാരം വ്രണപ്പെടുത്തുന്ന സംസാരത്തിന് 302ഉം വകുപ്പുകൾ ചുമത്തി. ഈ കേസ് റദ്ദാക്കാൻ സമർപ്പിച്ച ഹരജി ഗുജറാത്ത് ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ഇംറാൻ പ്രതാപ് ഗഡി സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നാണ് ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഭരണഘടനാ കോടതികൾ ചെയ്യേണ്ടതെന്ന് സുപ്രീംകോടതി ഇംറാൻ പ്രതാപ്ഗഡിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈകോടതിയെ വിമർശിച്ചത്. ബി.എൻ.എസ് 196ാം വകുപ്പ് (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതിനുള്ള വകുപ്പ്) ചുമത്താവുന്ന കേസല്ല ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.