പരിക്കേറ്റ സാരസ കൊക്കിനെ പരിചരിച്ച് ഭേദമാക്കിയ യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു

അമേത്തി: ഉത്തർ പ്രദേശിലെ അമേത്തിയിൽ പരിക്കേറ്റ നിലയിൽ വയലിൽ നിന്ന് ലഭിച്ച സാരസ കൊക്കിനെ പരിചരിച്ച് അസുഖം മാറ്റിയ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.

അമേത്തിയിലെ മന്ദേഖ ഗ്രാമത്തിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ആരിഫ് ഖാൻ ഗുർജാൻ എന്ന യുവാവിനെ പിന്തുടരുന്ന സാരസ് കൊക്കിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്നാലെ പറന്നെത്തുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതിനു പിന്നാലെ ആരിഫിന്റെ വീട്ടിൽ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എത്തുകയും ആരിഫിനോടും കൊക്കിനോടും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

അതിന് തൊട്ടു പിന്നാലെ ആരിഫിന്റെ വീട്ടിലെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. മാർച്ച് 21ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കൊക്കിനെ ആരിഫിന്റെ വീട്ടിൽ നിന്ന് കൊണ്ടുപോയി. പക്ഷിയെ റായ്ബറേലിയിലെ സമസ്പുർ പക്ഷി സ​​ങ്കേതത്തിൽ വിട്ടിരിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.

ശനിയാഴ്ച വനം വകുപ്പ് ആരിഫ് ഖാന് ഒരു നോട്ടീസ് അയച്ചു. ഗൗരിഗഞ്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മുമ്പാകെ ഏപ്രിൽ നാലിന് ഹാജരായി മൊഴി രേഖപ്പെടുത്തണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ഗൗരിഗഞ്ച് അസിസ്റ്റന്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രൺവീർ സിങ് അയച്ച നോട്ടീസിൽ ആരിഫ് ഖാനെതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം അമേത്തിയിലെ കൃഷിയിടത്തിൽ നിന്നാണ് കാലിന് പരിക്കേറ്റ നിലയിൽ സാരസ കൊക്കിനെ ആരിഫിന് ലഭിക്കുന്നത്. കൊക്കിനെ ആരിഫ് വീട്ടിൽ കൊണ്ടുപോയി ദിവസങ്ങളോളം ശുശ്രൂഷിച്ച് പരിക്ക് ഭേദമാക്കി. പിന്നീട് ആരിഫ് അതിനെ സ്വതന്ത്രമാക്കിയെങ്കിലും അത് ആരിഫിനെ വിട്ടുപോകാൻ കൂട്ടാക്കിയില്ല.

പക്ഷി പകലൊക്കെകറങ്ങി നടന്ന് വൈകീട്ട് ആരിഫിന്റെ വീട്ടിൽ തിരിച്ചെത്തും. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്തുടരും. 25–30 കിലോമീറ്റർ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്താറുണ്ട്. ഒടുവിൽ അത് ആരിഫിന്റെ വീട്ടിലെ അംഗത്തെപ്പോലെയായി. പീയുഷ് റായ് ആണ് അപൂർവ സൗഹൃദത്തിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ വാർത്ത വൈറലായതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൊക്കിനെ കൊണ്ടുപോയി കേസെടുത്തത്.

നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം പക്ഷിയാണ് സാരസ് കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

Tags:    
News Summary - Forest Department Case Against UP Man Who Rescued, Cared For Sarus Crane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.