മുംബൈ: വിവാദമായ വ്യാജ ടി.ആർ.പി അഴിമതിക്കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിെൻറ (BARC) മുൻ സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയെ മുംബൈ പൊലീസിെൻറ ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപബ്ലിക് ടിവിയടക്കമുള്ള വിവിധ ചാനലുകൾക്ക് ടെലിവിഷൻ റേറ്റിങ് പോയിൻറുകൾ (ടി.ആർ.പി) വ്യാജമായി കൂട്ടി നൽകിയ കേസിൽ അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് പാർത്തോ ദാസ് ഗുപ്ത.
പൂനെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷനടുത്ത് വെച്ചായിരുന്നു ക്രൈം ഇൻറലിജൻസ് യൂണിറ്റ് (സി.ഐ.യു) ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കേസിൽ ബാർക് മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സി.ഒ.യു) റാമിൽ രാംഗരിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചില ചാനലുകൾ ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നതായി ബാർക് പരാതി നൽകിയതിനെ തുടർന്നായിരുന്നു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. റേറ്റിങ് ഏജൻസി തെരഞ്ഞെടുക്കുന്ന ചില സാമ്പിൾ വീടുകളിലെ വ്യൂവർഷിപ്പ് ഡാറ്റ റെക്കോർഡ് ചെയ്തുകൊണ്ടാണ് ചാനലുകളുടെ ടി.ആർ.പി അളക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന റേറ്റിങ്, ചാനലുകൾക്ക് വളരെ നിർണായകമാണ്. പരസ്യദാതാക്കളെ ആകർഷിക്കാനാണ് ഇത് സഹായിക്കുന്നത്. എന്നാൽ, വീട്ടുകാർക്ക് പണം നൽകിക്കൊണ്ട് ഒരേ ചാനൽ തന്നെ നിരന്തരം ടിവിയിൽ പ്ലേ ചെയ്യിപ്പിച്ച് ടി.ആർ.പി വർധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.