ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മധ്യപ്രദേശ് ഇന്ദോർ ജയിലിൽനിന്ന് അദ്ദേഹം മോചിതനാകുന്നത്.
സുപ്രീം കോടതിയാണ് വെള്ളിയാഴ്ച മുനവർ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്. മുനവർ ഫാറൂഖിയുടെ ജയിൽ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചില്ലെന്ന് കാട്ടി മധ്യപ്രദേശ് പൊലീസ് മോചനം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ഇന്ദോറിലെ ചീഫ് മെട്രോപൊളിറ്റർ മജിസ്ട്രേറ്റിനെ ടെലിഫോണിൽ ബന്ധപ്പെട്ട ശേഷം ജയിൽ മോചിതനാക്കുകയായിരുന്നു.
കേസ് കോടതിയുടെ പരിധിയിലാണുള്ളതെന്നും ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജയിൽ മോചിതനായ ശേഷം മുനവർ ഫാറൂഖി പ്രതികരിച്ചു. ഈ സമയത്ത് കൂടുതൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു. അർധരാത്രിതന്നെ അദ്ദേഹം മുംബൈയിലേക്ക് തിരിച്ചു.
വെള്ളിയാഴ്ചയാണ് ഫാറൂഖിക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത്. മധ്യപ്രദേശ് ഹൈകോടതി നേരത്തേ ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. മുനവർ ഫാറൂഖിക്കെതിരെ തെളിവുകൾ നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ പൊലീസിന് കഴിയാതെയിരുന്നിട്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.
ഹാസ്യപരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചുവെന്നാണ് മുനവർ ഫാറൂഖിക്കെതിരായ പരാതി. ബി.ജെ.പി എം.എൽ.എയുടെ മകനായ ഏകലവ്യ സിങ് ഗൗറാണ് പരാതി നൽകിയത്. തുടർന്ന് ജനുവരി ഒന്നിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.