വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതകം ചോർന്നു; 30 വനിത ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതകം ചോർന്ന് 30 വനിത ജീവനക്കാർ ബോധരഹിതരായി. അച്യുതപുരത്തെ പോറസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വെറ്ററിനറി മരുന്ന് നിർമാണ ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്.

വെള്ളിയാഴ്ച രാവിലെ 12.30ഓടെയാണ് സംഭവം. മരുന്ന് നിർമാണഫാക്ടറിക്കുള്ളിൽ ജോലി ചെയ്തവർക്കും സമീപത്തെ രണ്ട് വസ്ത്ര നിർമാണ കമ്പനികളിലെ തൊഴിലാളികൾക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജീവനക്കാർ ഛർദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബ്രാൻഡിക്സ് എന്ന വസ്ത്ര നിർമാണ ഫാക്ടറിയിലുള്ളവരാണ് ബോധരഹിതരായവരിൽ ഭൂരിഭാഗവും.

പരിക്കേറ്റവരെ അച്യുതപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലും അനകപ്പള്ളിയിലെ എൻ.ടി.ആർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവർക്കും വിദഗ്ധ ചികിത്സ നൽകാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ തൊഴിലാളികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അനകപ്പള്ളി എസ്.പി ഗൗതമി സാലി പറഞ്ഞു. വാതക ചോർച്ച എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തിയിട്ടില്ല. ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡും പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും എസ്.പി അറിയിച്ചു.

അതേസമയം, ഏപ്രിലിൽ പോറസ് ലബോറട്ടറീസിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. അനിയന്ത്രിതമായി താപനില ഉയർന്നതാണ് അപകട കാരണമായി മലിനീകരണ നിയന്ത്രണ ബോർഡി (പി.സി.ബി ) ന്റെ പ്രാഥമിക അന്വേഷണത്തിൽ അന്ന് കണ്ടെത്തിയത്. തുടർന്ന്, മരുന്ന് നിർമാണ യൂനിറ്റ് ഉടൻ അടച്ചുപൂട്ടാൻ പി.സി.ബി ഉത്തരവിടുകയും ചെയ്തു. പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികാരികൾക്ക് നിർദേശവും നൽകി.

Tags:    
News Summary - Gas leaks at chemical plant in Visakhapatnam; Health for 30 female employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.