ന്യൂഡൽഹി: ഇന്ത്യയുടെ 30ാമത് കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ഞായറാഴ്ച ചുമതലയേറ്റു. നിലവിലെ ജനറൽ മനോജ് പാണ്ഡെ സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് നിയമനം. കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ദ്വിവേദി. ഫെബ്രുവരി 19നാണ് ഇദ്ദേഹം ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി ചുമതലയേറ്റത്. 2022 മുതൽ നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്നു.
ചൈനയുമായുള്ള നിയന്ത്രണ രേഖ (എൽ.എ.സി) ഉൾപ്പെടെ വിവിധ സുരക്ഷാ വെല്ലുവിളികൾ ഇന്ത്യ അഭിമുഖീകരിക്കുന്ന സമയത്താണ് 1.3 ദശലക്ഷം വരുന്ന സൈന്യത്തിന്റെ ചുമതല ജനറൽ ദ്വിവേദി ഏറ്റെടുക്കുന്നത്.
രേവയിലെ സൈനിക് സ്‌കൂളിലെ പൂർവ വിദ്യാർഥിയായ ജനറൽ ദ്വിവേദി 1984 ഡിസംബർ 15 ന് ഇന്ത്യൻ ആർമിയുടെ 18 ജമ്മു കശ്മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. പിന്നീട് യൂനിറ്റിന്റെ കമാൻഡറായി. 40 വർഷത്തോളം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ദീർഘവും വിശിഷ്ടവുമായ കരിയറിൽ, വിവിധ കമാൻഡുകളിലും സ്റ്റാഫ്, ഇൻസ്ട്രക്ഷനൽ, വിദേശ നിയമനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമാൻഡ് ഓഫ് റെജിമെൻ്റ് (18 ജമ്മു ആൻഡ് കശ്മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്ടർ അസം റൈഫിൾസ്), ഇൻസ്പെക്ടർ ജനറൽ, അസം റൈഫിൾസ് (കിഴക്ക്), 9 കോർപ്സ് എന്നിവയാണ് ജനറൽ ദ്വിവേദിയുടെ കമാൻഡ് നിയമനങ്ങൾ.
പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ എന്നിവയുൾപ്പെടെ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.