Supreme Court

ജാമ്യവ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ നൽകണമെന്ന് ഉത്തരവിടാന്‍ പാടില്ല -സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ നൽകണമെന്ന് പ്രതികളോട് ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനുള്ള ഉപാധിയാണ് ഇതെന്നും കോടതി പരാമർശിച്ചു. നൈജീരിയൻ പൗരനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ ഫ്രാങ്ക് വിറ്റസ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.

ഇടക്കാല ജാമ്യത്തിൽ വിട്ടയക്കാനുള്ള വ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകണമെന്ന ഡൽഹി ഹൈകോടതിയുടെ 2022ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഫ്രാങ്ക് വിറ്റസ് കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിക്കും സമാനമായ നിബന്ധന ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസിലെ പ്രതി ജാമ്യ വ്യവസ്ഥയായി ഗൂഗിള്‍ മാപ്പ് പിന്‍ ചെയ്യണമെന്ന ഡല്‍ഹി ഹൈകോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

മയക്കുമരുന്ന് കേസില്‍ പ്രതിയായ നൈജീരിയന്‍ പൗരന്‍റെ കേസിലാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ഉത്തരവ്. ഇത്തരമൊരു ജാമ്യ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം എന്ന സങ്കല്‍പ്പത്തിന് തന്നെ ഇത് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയുടെ സഞ്ചാരം പൊലീസ് നിരന്തരമായി നിരീക്ഷിക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടക്കുന്ന തരത്തിലുള്ള ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ല- കോടതി പറഞ്ഞു.

സ്വകാര്യത മൗലിക അവകാശമാണെന്ന് 2017ല്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് ജാമ്യ കേസില്‍ കോടതി വിധി പറഞ്ഞത്.

Tags:    
News Summary - Google pin location should not be ordered as bail condition- Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.