ഗുരുഗ്രാം: ഭർത്താവിന്റെ ബന്ധുക്കളെ കേസിൽ കുടുക്കാൻ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി 30കാരി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർത്താവിന്റെ സഹോദരനേയും ബന്ധുവിനേയും കേസിൽ കുടുക്കുന്നതിനായി മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവതിക്കെതിരായ ആരോപണം. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വരുത്താനായിരുന്നു ഇവരുടെ ശ്രമം.
അതേസമയം, യുവതിക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഇതിന് ശേഷം കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടികളെന്നും പൊലീസ് അറിയിച്ചു.
മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാണിച്ച് ഇവർ വനിത പൊലീസ് സ്റ്റേഷനിൽ ഡിസംബർ 16ന് പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.അലിഗഢിൽ നിന്നും നാല് മക്കൾക്കൊപ്പം മൂന്ന് വർഷം മുമ്പാണ് ഇവർ ഗുരുഗ്രാമിലെത്തിയത്. ആദ്യം ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയായിരുന്നു ഇവർ നഗരത്തിലെത്തിയത്. തുടർന്ന് മറ്റൊരാളെ വിവാഹം കഴിക്കുകയും സെക്ടർ 10ൽ താമസമാക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇവരുടെ രണ്ടാം ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ യുവതി ബലാത്സംഗ പരാതി ഉയർത്തിയത്. ഭർത്താവ് ദൈനംദിന ചെലവുകൾക്കുള്ള പണം നൽകുന്നില്ലെന്ന് ഇവർക്ക് പരാതിയുണ്ടായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തുവെങ്കിലും ശക്തമായ തെളിവുകളൊന്നും കേസിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വീരേന്ദർ വിജ് പറഞ്ഞു. യുവതി നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 16ന് സിവിൽ ഹോസ്പിറ്റലിൽ എത്തി ഇവർ മകളെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഡിസംബർ 13ന് 12 മണിക്ക് കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടികൊണ്ട് പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ, 13ാം തീയതി ഒരു മണിക്ക് പെൺകുട്ടി സഹോദരനൊപ്പം നടന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ കേസ് കെട്ടിച്ചമച്ചതാണെന്ന സംശയം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.