ചണ്ഡിഗഡ്: കടുത്ത വയറുവേദനയും വിശപ്പില്ലായ്മയും കാരണം ആശുപത്രിയിലെത്തിയ അഞ്ചുവയസുകാരിയെ പരിശോധിച്ച ഡോക്ടർമാർ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ച. സ്കാനിങ്ങിനിടെ കുട്ടിയുടെ വയറിനുള്ളിൽ മുടിയുടെ വലിയ ശേഖരം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ ഒന്നര കിലോ വരുന്ന മുടിയുടെ വലിയ ഉരുള ഡോക്ടർമാർ നീക്കം ചെയ്തു. ചണ്ഡിഗഡിലെ മൗലി ജാഗ്രാനിലാന് സംഭവം.
പഞ്ചകുളയിലെ സിവിൽ ഹോസ്പിറ്റലിൽ ഡോ. വിവേക് ഭാദുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും സ്വന്തം മുടി മുറിച്ചുമാറ്റാനും മാതാപിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണ്.'ട്രൈക്കോബെസോർ'എന്ന് വിളിക്കുന്ന അവസ്ഥയാണ് കുട്ടിയിൽ കണ്ടതെന്ന് ഡോക്ടർ വിവേക് പറഞ്ഞു. ദഹനനാളത്തിനുള്ളിൽ മുടി അടിഞ്ഞുകൂടുന്നതുകാരണം ആമാശയത്തിന് വീക്കം, വേദന, വിശപ്പ് കുറയൽ എന്നിവ ഉണ്ടാവും. വയറുവേദന കാരണം പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരാഴ്ചമുമ്പ് തന്നെ സന്ദർശിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടര വർഷമായി കുട്ടി മുടി കഴിക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാരുടെ നിഗമനം. 'ഈ അവസ്ഥ പ്രധാനമായും മാനസിക വിഭ്രാന്തി ബാധിച്ചവരിലോ കടുത്ത സമ്മർദ്ദം നേരിടുന്നവരിലോ ആണ് കാണുന്നത്. കുട്ടികൾക്കിടയിൽ ഇത് വളരെ അപൂർവമാണ്. ഞാൻ 20 വർഷമായി ഇവിടെ ജോലിചെയ്യുന്നു. കുട്ടികൾക്കിടയിൽ ഇത്തരത്തിലുള്ള സംഭവം കാണുന്നത് ആദ്യമാണ്'-ഡോ. വിവേക് പറഞ്ഞു.
'മുടി ദഹിക്കാത്തതിനാൽ ദഹനവ്യവസ്ഥയിൽ ഇവ തങ്ങിനിൽക്കും. ഒരാൾ മുടി കഴിക്കുന്നത് തുടരുകയാണെങ്കിൽ, അത് ഒരു പന്ത്പോലെ ആകും. പോഷകാഹാരക്കുറവ്, വയർ വീക്കം, വേദന എന്നിവയിലേക്ക് ഇത് നയിക്കും'-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.