ബംഗളൂരു: ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ വെറുപ്പ് പരത്തുന്ന പ്രസംഗങ്ങൾ ഇരട്ടിയായെന്ന് ആഭ്യന്തരമന്ത്രാലയം. മൂന്നുവർഷത്തിനിടെ ഉണ്ടായത് ഇത്തരത്തിലുള്ള നൂറിലധികം പ്രസംഗങ്ങളാണ്. പൊലീസ് കേസെടുത്ത സംഭവങ്ങളുടെ കണക്കുകൾ മാത്രമാണിത്. 2021നേക്കാൾ ഇത് 2022ൽ ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
2020 ജനുവരി മുതൽ 2023 ജനുവരി വരെ ആകെ 105ലധികം സമാന പൊലീസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 24 ജില്ലകളിലെയും കണക്കുകൾ പ്രകാരം ബംഗളൂരുവിലാണ് 52 ശതമാനം സംഭവങ്ങളും ഉണ്ടായിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.ജെ.പിയുടെ നേതാക്കളടക്കം ഉത്തരവാദപ്പെട്ടവർ മുസ്ലിംകൾക്കുനേരെ കൊലവിളി പ്രസംഗം നടത്തുന്നത് കൂടിയിട്ടുണ്ട്. ടിപ്പു സുൽത്താനും സവർക്കറും തമ്മിലാണ് തെരഞ്ഞെടുപ്പിലെ മത്സരമെന്നും ടിപ്പുവിന്റെ ആളുകളെ കൊല്ലണമെന്നും അടുത്തിടെ പറഞ്ഞത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ നളിൻ കുമാർ കട്ടീൽ ആണ് ലവ് ജിഹാദിൽ ഒരു പെൺകുട്ടി നഷ്ടപ്പെട്ടാൽ പത്ത് മുസ്ലിം പെൺകുട്ടികളെ കെണിയിൽപെടുത്തണമെന്നും ഹിന്ദുക്കൾ ആയുധം മൂർച്ചകൂട്ടി വെക്കണമെന്നും ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു. പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ദരാമയ്യയെ കൊല്ലണമെന്നാണ് അടുത്തിടെ മന്ത്രി അശ്വത് നാരായൺ മാണ്ഡ്യയിൽ പറഞ്ഞത്.മുസ്ലിംകൾ ‘ജിഹാദി നായ്ക്കൾ’ ആണെന്നും ഒരു ഹിന്ദുവിനെ കൊന്നാൽ പകരം എട്ട് മുസ്ലിംകളെ കൊല്ലണമെന്നുമാണ് തുമകുരുവിൽ വിശ്വഹിന്ദുപരിഷത് നേതാവ് ശരൺ പമ്പ്വെൽ പ്രസംഗിച്ചത്.
ബംഗളൂരു കഴിഞ്ഞാൽ ബിദർ, കലബുറഗി, ശിവമൊഗ്ഗ എന്നീ ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയടക്കം പറയുന്നുണ്ടെങ്കിലും നടപടികൾ പക്ഷപാതപരമെന്നാണ് സാമൂഹികപ്രവർത്തകർ പറയുന്നത്. അടുത്തിടെയുണ്ടായ വെറുപ്പ് പ്രചരണ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയെ കാണാൻപോലും തങ്ങൾക്ക് അനുമതി കിട്ടിയിട്ടില്ലെന്ന് ‘കാമ്പയിൻ എഗൈൻസ്റ്റ് ഹേറ്റ് സ്പീച്ച്’ അംഗം വിനയ് ശ്രീനിവാസ് പറയുന്നു. ഇത്തരം സംഭവങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് ഐ.ജി.പി (പബ്ലിക് ഗ്രീവൻസസ് ആൻഡ് എച്ച്.ആർ) ദേബജിത് റേയെ സന്ദർശിച്ച് സാമൂഹികപ്രവർത്തകർ നിവേദനം നൽകിയിരുന്നുവെങ്കിലും സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.