തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 'ഹിന്ദു ബാങ്കുകൾ' സ്ഥാപിക്കാനുള്ള സംഘ്പരിവാർ നീക്കത്തിനെതിരെ സംസ്ഥാന ഇൻറലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴിൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിൽ ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് 100 ഓളം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹിന്ദുവിെൻറ പണം ഹിന്ദുവിന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ച് ഹിന്ദുമതത്തിൽപെട്ടവരെ മാത്രം അംഗങ്ങളാക്കി അവർക്ക് മാത്രം വായ്പയും മറ്റ് സാമ്പത്തിക സഹായങ്ങളും നൽകുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിന് കൈമാറി. ബാങ്കുകളുടെ രജിസ്ട്രേഷൻ നടപടികൾ ഏകോപിക്കുന്നതിന് ആർ.എസ്.എസ് ചുമതലപ്പെടുത്തിയ വെങ്ങാന്നൂർ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹിന്ദുസംരക്ഷണ പരിവാർ, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളും നിരീക്ഷണത്തിലാണ്.
മൂന്ന് ഡയറക്ടർമാർ, ഏഴ് അംഗങ്ങൾ, അഞ്ചുലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവയുണ്ടെങ്കിൽ നിധി ലിമിറ്റഡ് കമ്പനികൾ ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ വിശ്വാസികളായ 200 അംഗങ്ങളെ ചേർക്കണമെന്നാണ് ശാഖകൾ വഴിയുള്ള നിർദേശം. ഓരോ പ്രദേശത്തെയും ഹിന്ദുക്കളായ കച്ചവടക്കാരെയും ലക്ഷ്യംവെക്കുന്നുണ്ട്. കുടുംബശ്രീ, അക്ഷയശ്രീ അംഗങ്ങളെ ബാങ്കുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക വായ്പയും ആർ.എസ്.എസ് അജണ്ടയിലുണ്ട്.
അതേസമയം, കുടുംബശ്രീയെ അടക്കം സംഘ്പരിവാർ നോട്ടമിട്ടതോടെ ഹിന്ദു ബാങ്കിെൻറ പ്രവർത്തനങ്ങളെ സംസ്ഥാനത്ത് പ്രതിരോധിക്കാൻ തന്നെയാണ് സി.പി.എം തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ല സെക്രട്ടറിമാർ എല്ലാ ഏരിയ സെക്രട്ടറിമാർക്കും അടിയന്തര നിർദേശം നൽകി. ഹിന്ദു ബാങ്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടിയുടെയോ വർഗ ബഹുജനസംഘടനകളുടെയോ പ്രവർത്തകരോ അണികളോ ഒരു തരത്തിലും സഹകരിക്കാനോ വഞ്ചിതരാകാനോ പാടില്ലെന്നും പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഈ നിർദേശം ഗൗരവത്തോടെ നൽകണമെന്നുമാണ് ഏരിയ സെക്രട്ടറിമാർക്കുള്ള സന്ദേശം. ഹിന്ദുവിന് മാത്രമായൊരു ബാങ്കും വായ്പയും സാമ്പത്തിക പുരോഗതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ നാടിെന തകർക്കുമെന്നും ജനങ്ങളെ വർഗീയമായി ചേരിതിരിച്ച് രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ ഏരിയ തലങ്ങളിൽ പ്രത്യേക പ്രചാരണം ആരംഭിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.