ദലിത് ന്യായാധിപനായാലും പീഡനം; ഹൈകോടതി ജഡ്ജിക്കെതിരെ ഇംപീച്മെന്‍റിന് പരാതി

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ ദലിതുകള്‍ക്ക് മതിയായ പ്രാതിനിധ്യമില്ളെന്ന മുറവിളിക്കിടയില്‍ ദലിത് മജിസ്ട്രേറ്റിന് അനുഭവിക്കേണ്ടിവന്ന പീഡനത്തിന്‍െറ കഥകളുമായി 61 എം.പിമാര്‍ രാജ്യസഭ ചെയര്‍മാനു മുന്നില്‍. ഹൈകോടതി ജഡ്ജിയുടെ പീഡനത്തിനിരയായി സ്ഥലംമാറ്റവും സസ്പെന്‍ഷനും ഏറ്റുവാങ്ങിയ കഡപ്പ ജില്ലയിലെ മുന്‍ പ്രിന്‍സിപ്പല്‍ ജൂനിയര്‍ സിവില്‍ ജഡ്ജി രാമകൃഷ്ണയുടെ ആവലാതികളുമായാണ് എം.പിമാര്‍ രാജ്യസഭ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിക്ക് പരാതി നല്‍കിയത്. ദലിത് ജുഡീഷ്യല്‍  ഓഫിസറെ പീഡിപ്പിച്ച ആന്ധ്രപ്രദേശ്/തെലങ്കാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.വി. നാഗാര്‍ജുന റെഡ്ഡിക്കെതിരെ ഇംപീച്മെന്‍റ് നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

എം.പിമാര്‍ സമര്‍പ്പിച്ച ഇംപീച്മെന്‍റ് നോട്ടീസില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് രാജ്യസഭ സെക്രട്ടേറിയറ്റ് അറിയിച്ചു. 1968ല്‍ ജഡ്ജിമാര്‍ക്കെതിരായ അന്വേഷണ നിയമപ്രകാരം ജഡ്ജിക്കെതിരായ ഇംപീച്മെന്‍റ് പ്രമേയത്തിന് നോട്ടീസ് അംഗീകരിച്ചാല്‍ രാജ്യസഭ ചെയര്‍മാന്‍ മൂന്നംഗ അന്വേഷണ സമിതിയുണ്ടാക്കണം. സുപ്രീംകോടതി ജഡ്ജി, ഹൈകോടതി ചീഫ് ജസ്റ്റിസ്, ചെയര്‍മാനെ പ്രതിനിധാനം ചെയ്യുന്ന നിയമവിദഗ്ധന്‍ എന്നിവരായിരിക്കും സമിതിയിലുണ്ടാകുക. അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ സമിതിയാണ് ജഡ്ജിക്കെതിരായ കുറ്റാരോപണം തയാറാക്കേണ്ടത്.
പീഡനമേറ്റ് മരിച്ച ഒരാളുടെ മരണമൊഴിയില്‍നിന്ന്  തന്‍െറ സഹോദരന്‍ പവന്‍കുമാര്‍ റെഡ്ഡിയുടെ പേര് ഒഴിവാക്കാന്‍ ജഡ്ജി രാമകൃഷ്ണയോട് ജസ്റ്റിസ് റെഡ്ഡി ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ആ സമയത്താണ് കഡപ്പ ജില്ലയിലെ റായചോട്ടിയില്‍ മജിസ്ട്രേറ്റ് ആയി രാമകൃഷ്ണ നിയമിതനായത്.

വെള്ളക്കടലാസില്‍ ഒപ്പുവെക്കാത്തതിന് തന്നെ ജസ്റ്റിസ് റെഡ്ഡിയുടെ സഹോദരന്‍ പവന്‍കുമാര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നായിരുന്നു മരണക്കിടക്കയിലുള്ള ആള്‍ മജിസ്ട്രേറ്റ് ആയ രാമകൃഷ്ണന് നല്‍കിയ മൊഴി.  ആ മരണമൊഴിയില്‍ നിന്നും സഹോദരന്‍െറ പേര്‍ നീക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് റെഡ്ഡിയെ ഭീഷണിപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്തു. ജസ്റ്റിസ് റെഡ്ഢിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തന്നെ  അടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും മജിസ്ട്രേറ്റ് രാമകൃഷ്ണയുടെ  പരാതിയിലുണ്ട്.

ഇതേ തുടര്‍ന്ന് ഹൈകോടതി വിജിലന്‍സ് രജിസ്ട്രാറെ സമീപിച്ച മജിസ്ട്രേറ്റ് രേഖാമൂലം പരാതി നല്‍കി. ആ പരാതിയില്‍ കോടതി രേഖകള്‍ പൂഴ്ത്തുന്നതും അപ്രത്യക്ഷമാകുന്നതും അടക്കം റായചോട്ടി കോടതിയില്‍ നടക്കുന്ന നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍  രാമകൃഷ്ണ അക്കമിട്ടു നിരത്തിയിരുന്നു. ഇത് കൂടാതെ ജസ്റ്റിസ് റെഡ്ഡിയുടെ സഹോദരനെ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടറാക്കിയത് ക്രിമിനല്‍ നടപടിക്രമം 24ാം വകുപ്പിന്‍െറ ലംഘനമാണെന്നും ഏഴ് വര്‍ഷമെങ്കിലും അഭിഭാഷക വൃത്തി ചെയ്യണമെന്ന വ്യവസ്ഥ ഈ നിയമനത്തില്‍ പാലിച്ചിട്ടില്ളെന്നും രാമകൃഷ്ണ തന്‍െറ പരാതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ ഈ പരാതിയില്‍  ഹൈകോടതി ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് രാമകൃഷ്ണ ഹൈകോടതി ചീഫ് ജസ്റ്റിസിനും  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതികളയച്ചു. ഇത് രാമകൃഷ്ണക്കെതിരായ സ്ഥലംമാറ്റത്തിലും സസ്പെന്‍ഷനിലുമാണ് കലാശിച്ചത്.

ദലിത് സമൂഹത്തെ ജസ്റ്റിസ് റെഡ്ഡി പീഡിപ്പിച്ചതിനെതിരെ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് സി.വി. നാഗാര്‍ജുന റെഡ്ഡിക്കെതിരെ ഉയര്‍ന്ന ദലിത് പീഡന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ‘കാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ്’ നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ജസ്റ്റിസ് നാഗാര്‍ജുന റെഡ്ഡിക്കെതിരെ ഉയര്‍ന്ന സ്വജനപക്ഷപാതത്തിന്‍െറയും ദലിത് പീഡനത്തിന്‍െറയും മറ്റു നിരവധി ആരോപണങ്ങളും ‘കാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ്’ ചീഫ് ജസ്റ്റിസിനയച്ച പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags:    
News Summary - impeachment petition on high court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.