ഛണ്ഡീഗഡ്: ആറുവയസുകാരിയെ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 12 കാരനെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മുഖം വികൃതമാക്കിയ നിലയിലാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നഴ്സറി വിദ്യാർഥിനിയെ വെള്ളിയാഴ്ച കാണാതാകുകയായിരുന്നു. പിന്നീട് ഹാലോ മജ്ര പ്രദേശത്തെ വനത്തിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 12കാരൻ പിടിയിലാകുന്നത്.
പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. ഏറെനേരം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ ശരീരം വനപ്രദേശത്തെ ശ്മശാനത്തിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പാതി വസ്ത്രം മാത്രമാണുണ്ടായിരുന്നത്. കുട്ടിയുടെ മുഖം കല്ലുപയോഗിച്ച് അടിച്ചുതകർത്ത് വികൃതമാക്കിയ നിലയിലായിരുന്നു.
പെൺകുട്ടിയെ വനമേഖലയിലേക്ക് കൂട്ടികൊണ്ടുപോയ കാര്യം മാതാപിതാക്കളോട് പറയുമെന്ന് ഭയന്നാകാം 12കാരൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ലും പൊലീസ് കണ്ടെടുത്തു.
കുട്ടിയുടെ മൃതദേഹം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 12കാരനെ പൊലീസ് പിടികൂടിയത്. കുട്ടിയുമായി 12കാരൻ സൈക്കിളിൽ പോകുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച 12കാരനെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.