ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പഴയ മൈസൂരു മേഖലയിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ നോട്ടം. പരമ്പരാഗതമായി കോൺഗ്രസും ജെ.ഡി-എസും നേർക്കുനേർ മത്സരിച്ചിരുന്ന ഈ മേഖലയിൽ ബി.ജെ.പി പിടിമുറുക്കുമ്പോൾ ശക്തമായ ത്രികോണ മത്സരം രൂപപ്പെടുകയാണ്. കേരളത്തോട് ചേർന്നുകിടക്കുന്ന കർണാടക അതിർത്തിയായ ചാമരാജ് നഗറിൽനിന്ന് തുടങ്ങി മൈസൂരു, മാണ്ഡ്യ, രാമനഗര, തുമകുരു, ഹാസൻ, ബംഗളൂരു റൂറൽ, ചിക്കബല്ലാപുര, കോലാർ ജില്ലകളിലെ 59 സീറ്റുകളാണ് (ബംഗളൂരു നഗരത്തിന് പുറമെ) പഴയ മൈസൂരു മേഖലയിലുള്ളത്.
2018ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പഴയ മൈസൂരു മേഖലയിൽ ജെ.ഡി-എസും ബി.ജെ.പിയുമാണ് നേട്ടമുണ്ടാക്കിയത്. 2013ൽ രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഒമ്പതും 25 സീറ്റുണ്ടായിരുന്ന ജെ.ഡി-എസ് 29ഉം മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ കോൺഗ്രസ് 27 ൽ നിന്ന് 19 സീറ്റിലേക്ക്ചുരുങ്ങി. ഓപറേഷൻ താമരയുടെ ഭാഗമായി കൂറുമാറിയ എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പഴയ മൈസൂരു മേഖലയിലെ രണ്ടുവീതം സിറ്റിങ് മണ്ഡലങ്ങളാണ് കോൺഗ്രസിനും ജെ.ഡി-എസിനും കൈവിട്ടത്.
ജെ.ഡി-എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യയിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ ബി.ജെ.പിക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച ‘സുമലത ഇഫക്ടും’ മാണ്ഡ്യയിൽ ജെ.ഡി-എസിനെ ദോഷകരമായി ബാധിച്ചേക്കും. കോൺഗ്രസിലേക്കും ബി.ജെ.പിയിലേക്കും നേതാക്കൾ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നതിനിടെ സീറ്റിനായി ഗൗഡ കുടുംബത്തിൽ കലഹവും അരങ്ങേറുന്നുണ്ട്.
കർണാടകയുടെ മറ്റു മേഖലകളിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്നിരിക്കെ പഴയ മൈസൂരു മേഖല പിടിച്ചാൽ ഭരണം പിടിക്കാമെന്നാണ് ഇരു പാർട്ടികളുടെയും കണക്കുകൂട്ടൽ. ഒറ്റക്ക് ഭരണത്തിലെത്താനുള്ള ശേഷിയില്ലെങ്കിലും തൂക്കു മന്ത്രിസഭയിലാണ് ജെ.ഡി-എസിന്റെ കണ്ണ്. 93 ആം വയസ്സിലും ദേവഗൗഡയെ കേന്ദ്രീകരിച്ചുതന്നെയാണ് പാർട്ടി പ്രചാരണം നയിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു പേർ പഴയ മൈസൂരുവിൽ ജനവിധി തേടുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ മൈസൂരുവിലെ വരുണയിലും ഡി.കെ. ശിവകുമാർ രാമനഗരയിലെ കനകപുരയിലും ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മാണ്ഡ്യയിലെ ചന്നപട്ടണയിലും മത്സരിക്കും.പഴയ മൈസൂരു പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മേഖലയിൽ 35 സീറ്റ് ബി.ജെ.പി ലക്ഷ്യമിടുന്നു. നരേന്ദ്രമോദിയും അമിത്ഷായും പങ്കെടുത്ത രണ്ട് മെഗാ റാലികൾ ബി.ജെ.പി ഇതിനകം സംഘടിപ്പിച്ചു.
പഴയ മൈസൂരു മേഖലയിലെ പ്രധാന വോട്ടുബാങ്കായ വൊക്കലിഗരെ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ്, മുസ്ലിംകൾക്കുണ്ടായിരുന്ന നാല് ശതമാനം ഒ.ബി.സി സംവരണം പിൻവലിച്ച് വൊക്കലിഗർക്കും ലിംഗായത്തുകൾക്കുമായി കർണാടകയിലെ ബി.ജെ.പി സർക്കാർ വീതിച്ചുനൽകിയത്. എന്നാൽ, വൊക്കലിഗ കാർഡ് തന്നെയാണ് കോൺഗ്രസിന്റെയും തുറുപ്പുചീട്ട്. കെ.പി.സി.സി അധ്യക്ഷനായ ഡി.കെ. ശിവകുമാർ വൊക്കലിഗ നേതാവാണ്.
ശിവകുമാർ സാരഥ്യമേറ്റ ശേഷം പഴയ മൈസൂരു മേഖലയിൽനിന്ന് നിരവധി ജെ.ഡി-എസ് നേതാക്കളെയാണ് കോൺഗ്രസിലേക്ക് അടുപ്പിച്ചത്. കോൺഗ്രസ് തരംഗം പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ വൊക്കലിഗ മുഖ്യമന്ത്രി എന്ന പ്രചാരണ തന്ത്രവും ശിവകുമാർ പയറ്റുന്നുണ്ട്. സിദ്ധരാമയ്യയുടെ അഹിന്ദ (പിന്നാക്ക, ന്യുനപക്ഷ, ദലിത്) നയവും പ്രചാരണങ്ങളിൽ കോൺഗ്രസിന് മുൻതൂക്കം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.