കരൾ അർബുദ മരണങ്ങൾ 2050ഓടെ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ നിരക്ക് 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ, രോഗനിർണയം, ചികിത്സ എന്നിവ നൽകാനുള്ള ശ്രമങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ഓരോ വര്‍ഷവും ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പടെ പലയിടത്തും അർബുദ മരണങ്ങളിൽ കരൾ അർബുദമാണ് മുന്നിൽ. കണക്കുകൾ പ്രകാരം 2022-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ 70.5 ദശലക്ഷം ആളുകൾക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് ബിയും സിയും ബാധിച്ചിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നേക്കാം. എ, ഇ വിഭാഗത്തിൽപെട്ട വൈറസ് ബാധകൾ തീവ്രമല്ലാത്തതിനാൽ വൈറസിനെതിരെയുള്ള മരുന്നുകൾ ആവശ്യമില്ല. ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും പരിചരണവുമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് ആന്റി വൈറൽ മരുന്നുകളും ചികിത്സയും ലഭ്യമാണ്. കൂടാതെ തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിലെ കരൾ അർബുദ നിരക്ക് 2050 ഓടെ ഇരട്ടിയായി വർധിക്കുകയും പ്രതിവർഷം 2,00,000-ത്തിലധികം മരണങ്ങൾ ഉണ്ടാകുകയും ചെയ്യും എന്ന പ്രവചനങ്ങളെ മറികടക്കാൻ ഇത് സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ സൈമ വാസെദ് പറഞ്ഞു.

തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനകളുടെയും ചികിത്സയുടെയും സാധ്യതകൾ കുറവാണെന്നും 2022 ൽ, ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിൽ 2.8% പേർക്ക് മാത്രമേ രോഗനിർണയം നടത്തിയിട്ടുള്ളൂ എന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവരിൽ യഥാക്രമം 26 ശതമാനം മാത്രമാണ് രോഗനിർണയം നടത്തി ചികിത്സിച്ചത്. 2022-ൽ ഏകദേശം 1.3 ദശലക്ഷം ആളുകളാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. ഇത് ക്ഷയരോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിന് തുല്യമാണ്.

കോവിഡിന് ശേഷം പകർച്ചവ്യാധി മരണത്തിന്‍റെ രണ്ട് പ്രധാന കാരണങ്ങളാണ് വൈറൽ ഹെപ്പറ്റൈറ്റിസും ക്ഷയരോഗവും. വൈറൽ ഹെപ്പറ്റൈറ്റിസ് തടയുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണങ്ങളും മറ്റും ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയും സിയും ഉള്ള ആളുകൾ ഇപ്പോഴും രോഗാവസ്ഥയിൽ തുടരുകയാണ്. ആവശ്യമായ സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Tags:    
News Summary - Liver cancer deaths to double by 2050: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.