ചണ്ഡീഗഡ്: പഞ്ചാബ് ഗായകൻ സിദ്ധു മൂസെ വാല കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളിൽ കൊലപാതകിയെന്ന് സംശയിക്കുന്ന മൂന്നാമത്തെയാളെ പൊലീസ് പിടികൂടി. ദേവേന്ദ്ര എന്ന കാലയാണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ നേരത്തെ പൊലീസ് പിടികൂടിയ രണ്ടുപേർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാനയിലെ ഫത്തേബാദിൽ നിന്നാണ് ഇയാളെ പിടിച്ചത്.
ഫത്തേബാദിലെ ഭിർദനയിൽ നിന്നാണ് നേരത്തെ രണ്ടുപേരെ പിടികൂടിയത്. ഇതോടെ കേസിൽ മൂന്നാമത്തെ അറസ്റ്റാണ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ മൻപ്രീതിനെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഗായകന്റെ സംസ്കാരം നടക്കുന്നതിനിടെയായിരുന്നു ആദ്യ അറസ്റ്റ്.
മെയ് 29നാണ് മൂസെ വാല കൊല്ലപ്പെട്ടത്. സംഭവത്തിൽ കനേഡിയൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഗായകന്റെ വീട് സന്ദർശിച്ച് കൊലപാതകികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഉറപ്പ് നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മൂസെ വാലയുടെ വീട് സന്ദർശിച്ചിരുന്നു.
പഞ്ചാബ് സർക്കാർ മൂസെ വാലക്ക് നൽകിയിരുന്ന വി.ഐ.പി സുരക്ഷ പിൻവലിച്ചതിന് അടുത്ത ദിവസമാണ് കൊലപാതകം നടന്നത്. മൂസെ വാലക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
ഇതോടെ വി.ഐ.പി സുരക്ഷ പിൻവലിച്ച ആം ആദ്മി സർക്കാറിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. 400ഓളം വി.ഐ.പികളുടെ സുരക്ഷ പിൻവലിച്ച സർക്കാർ അക്കാര്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിൻവലിച്ച വി.ഐ.പി സുരക്ഷ ജൂൺ ഏഴിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് പഞ്ചാബ് -ഹരിയാന ഹൈകോടതി നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.