ഗാസിയാബാദ്: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന 11അംഗ സംഘം അറസ്റ്റിൽ. മാതാപിതാക്കളിൽനിന്ന് കുട്ടികളെ തട്ടിയെടുത്തശേഷം കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ കൈമാറുകയാണ് ഇവരുടെ പതിവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 12ന് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലാകുന്നത് 15 ദിവസം മാത്രം പ്രായമായ മകനെ തട്ടിയെടുത്തുവെന്ന് മാതാവ് ഫാത്തിമ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ ഒരു മുറി വാടകക്ക് എടുക്കാനെന്ന വ്യാജേന ദമ്പതികൾ വീട്ടിൽ വന്നിരുന്നതായി ഫാത്തിമ പറയുന്നു. പിന്നീട് രണ്ടുപേരും മധുരപാനീയം നൽകുയായിരുന്നുവെന്നും കുടിച്ചതോടെ ബോധരഹിതയായെന്നും അവർ പറഞ്ഞു. ബോധം വന്നപ്പോൾ കുഞ്ഞിനെ കൈക്കലാക്കി അവർ കടന്നുകളഞ്ഞിരുന്നു.
ഫാത്തിമയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. അന്വേഷണത്തിൽ, ഒരു സ്ത്രീ നേതൃത്വം നൽകുന്ന ഒരു സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ മാതാപിതാക്കളിൽനിന്ന് തട്ടിയെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്വൻതുകക്ക് കൈമാറുകയാണ് ഇവരുടെ രീതിയെന്ന് മനസിലായി.
ശനിയാഴ്ച ഫാത്തിമയുടെ കുഞ്ഞിനെ മധുബൻ കോളനിയിലെ അലോക് അഗ്നിഹോത്രിയെന്നയാളുടെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി. അഗ്നിഹോത്രിയെ ചോദ്യം ചെയ്തതോടെ തിലക് നഗറിലെ അസ്മീത് കൗർ, ഗുർമീത് കൗർ എന്നിവരിൽനിന്ന് കുഞ്ഞിനെ അഞ്ചരലക്ഷം രൂപക്ക് വാങ്ങിയതാണെന്നും ഡൽഹിയിലെ സഹോദരിക്ക് വേണ്ടിയാണ് കുഞ്ഞിനെ വാങ്ങിയതെന്നും മൊഴി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ റെയ്ഡിൽ 11 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് െചയ്തു. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു. ഒരു ഡസനോളം കുട്ടികളെ ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.