ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം പൈപ് ലൈൻ കൂടുതൽ ദൂരത്തേക്ക് നീട്ടാൻ ഇന്ത്യയും നേപ്പാളും തീരുമാനിച്ചു. സംയോജിത ചെക്പോസ്റ്റുകൾ വികസിപ്പിക്കും. ജലവൈദ്യുത പദ്ധതികളിൽ സഹകരണം വർധിപ്പിക്കും. ഇന്ത്യ-നേപ്പാൾ ഗതാഗത ഉടമ്പടി പുതുക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
നാലു ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ച ഡൽഹിയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ പ്രചണ്ഡയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചക്കു ശേഷമാണ് കരാറുകളിൽ ഒപ്പുവെച്ചത്. രണ്ടു രാജ്യങ്ങളും ചേർന്ന് നേപ്പാളിൽ തുടങ്ങുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പണി തീർന്നവയുടെ ഉദ്ഘാടനവും ചർച്ചക്കൊപ്പം നടന്നു.
ബിഹാറിലെ ബദ്നഹയിൽ നിന്ന് നേപ്പാൾ കസ്റ്റം യാർഡിലേക്കുള്ള ചരക്കു ട്രെയിൻ ഇരുവരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കുർത-ബിജാൽപുര റെയിൽവേ പാത കൈമാറി. ഏഴു ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു. കുർത-ബിജാൽപുര റെയിൽവേ പാത കൈമാറി. ഗതാഗതം, നിക്ഷേപം, വൈദ്യുതി പ്രസാരണം, വ്യോമഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്ന കാര്യം ചർച്ചയായി.
ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയത്തോളം ഉയരത്തിലെത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞത്. ഈ വികാരത്തോടെ അതിർത്തി വിഷയങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.