ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും സ്വന്തം കറൻസിയിൽ വിനിമയം നടത്താൻ കരാറിലെത്തി. വ്യാപാര നിക്ഷേപ മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ നീക്കം. ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ നയതന്ത്ര ഉരസലുകൾക്ക് അറുതി വരുത്തിയ ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചക്കൊടുവിൽ ഇന്ത്യ പ്രഥമ സുഹൃത്തിന്റെ സ്ഥാനത്താണെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവും മാലദ്വീപുമായി എക്കാലവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.
ഇന്ത്യയുടെ സുരക്ഷക്ക് പ്രതികൂലമാകുന്ന വിധത്തിലുള്ളതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഇന്ത്യയെ ഏറെ വിലമതിക്കുന്ന പങ്കാളിയും സുഹൃത്തും എന്ന നിലക്കാണ് ഇന്ത്യയെ കാണുന്നതെന്നും മുയിസ്സു പറഞ്ഞു. മാലദ്വീപിലെ ഹനിമാധൂ അന്തർദേശീയ വിമാനത്താവളം ഉദ്ഘാടനം ചെയ്തുവെന്നും 28 ദ്വീപ സമൂഹങ്ങളിലെ 30,000 ഗുണഭോക്താക്കൾക്കായി ഇന്ത്യ കുടിവെള്ള പദ്ധതി നൽകിയെന്നും 700 ഭവനങ്ങൾ ഒരുക്കിയെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മാലദ്വീപിന് സുപ്രധാന പങ്കുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ സുസ്ഥിരത ഉറപ്പുവരുത്താൻ പ്രതിരോധത്തിലും വ്യാപാരത്തിലും ഊർജ സുരക്ഷയിലും സമുദ്ര സുരക്ഷയിലും മുമ്പൊരിക്കലുമില്ലാത്ത സഹകരണം ഭാവിയിൽ സാധ്യമാക്കാൻ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു. മാലദ്വീപിന് കലവറയില്ലാത്ത പിന്തുണ നൽകുമെന്ന് മോദി വ്യക്തമാക്കിയപ്പോൾ മാലദ്വീപിന്റെ ദേശസുരക്ഷക്കും സമ്പദ് വ്യവസ്ഥയുടെ വീണ്ടെടടുപ്പിനും ഇന്ത്യ വഹിച്ച പങ്ക് മുഹമ്മദ് മുയിസ്സു എടുത്തുപറഞ്ഞു. 2014ലെ ജലക്ഷാമം നേരിട്ടപ്പോഴും 2019ൽ കോവിഡുണ്ടായപ്പോഴും ആദ്യമായി സഹായവുമായെത്തിയ ഇന്ത്യക്ക് മുയിസ്സു നന്ദി പറഞ്ഞു.
ഇന്ത്യയോടെതിരിട്ടുനിന്നും ചൈനക്ക് അനുകൂലമായ നിലപാടെടുത്തുമായിരുന്നു മാലദ്വീപിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുയിസ്സു അധികാരത്തിലേറിയത്. ലക്ഷദ്വീപിലെ ടൂറിസം ഫോട്ടോഷൂട്ടിനുശേഷം നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ വിമർശനങ്ങളെ ഇന്ത്യയില്‍ മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരത്തിനെതിരായ കാമ്പയിൻ നടക്കുകയും മാലദ്വീപിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, മുഹമ്മദ് മുയിസ്സുവിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുക്കുകയായിരുന്നു.
ഞായറാഴ്ച ഡൽഹിയിലെത്തിയ മുയിസ്സുവിന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആചാരപരമായ വരവേൽപ് നൽകി. തുടർന്ന് രാജ്ഘട്ടിൽ രാഷ്ട്രപതി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് മുയിസ്സു മോദിയുമായി ഉഭയകക്ഷി സംഭാഷണത്തിനിരുന്നത്. മേഖലയിലെ ശാക്തിക സന്തുലനത്തിനായുള്ള ഇന്ത്യയുടെ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് മഹുമ്മദ് മുയിസ്സുവും നിർണായക ഉടമ്പടി ഒപ്പുവെച്ചു. ഭവന നിർമാണ മേഖലയിലും തുറമുഖങ്ങളും വിമാനത്താവളവുമടക്കമുള്ള പശ്ചാത്തല വികസനത്തിലും തുടർച്ച സാധ്യമാക്കാനും മാലദ്വീപിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താനുമുള്ള നടപടികൾ സ്വീകരിക്കും. ഇരുരാജ്യങ്ങളും ഒരുപോലെ ഭീഷണി നേരിടുന്ന കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത്, ഭീക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.