ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ബ്രിട്ടീഷ് എം.പി ലോർഡ് അലക്സാണ്ടർ കാർലിയെ ഇന്ത്യ തിരിച്ചയച്ചു. സന്ദർശന ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത വിസയാണ് ഉപയോഗിച്ചതെന്ന് കാണിച്ചാണ് എം.പിയെ മടക്കി അയച്ചത്.
ജയിലിലടക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനാണ് ലോർഡ് കാർലി. ഖാലിദക്കെതിരായി നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിക്കുന്നതിനായാണ് കാർലി ഡൽഹിയിലേക്ക് വന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വിസ അപേക്ഷയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാലാണ് തിരിച്ചയച്ചതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ധാക്കയിലേക്ക് കടക്കാൻ തനിക്ക് അനുവാദമില്ലാത്തതിനാലാണ് ഡൽഹിയിൽ വച്ച് മാധ്യമങ്ങളെ കണ്ട് കേസിെൻറ കുരുക്കുകളെ കുറിച്ച് വിശദീകരിക്കാൻ തീരുമാനിച്ചതെന്ന് എന്ന് കാർലി ബംഗ്ലാദേശ് പത്രം ധാക്ക ട്രൈബ്യുണലിനോട് വ്യക്തമാക്കി.
മൂന്ന് ഡസനിലേറെ ക്രിമിനൽ കേസുകളാണ് ബംഗ്ലാദേശ് നാഷനൽ പാർട്ടി നേതാവ് ഖാലിദ സിയക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ഖാലിദയെയും കുടുംബത്തെയും രാഷ്ട്രീയത്തിൽ നിന്ന് നിർമാർജനം ചെയ്യുന്നതിനു വേണ്ടി കെട്ടിച്ചമച്ചതാണ് കേസുകളെന്നാണ് പാർട്ടിയുടെ വാദം.
ആദ്യ കേസിൽ ഖാലിദയെ ശിക്ഷിച്ചത് ഇൗ വർഷം ഫെബ്രുവരിയിലാണ്. ഖാലിദ പ്രധാനമന്ത്രിയായിരുന്ന 2001-2006 കാലഘട്ടത്തിൽ അഗതി മന്ദിരത്തിെൻറ പേരിൽ 2,53,000 ഡോളർ വിദേശ സഹായം സ്വീകരിച്ച് വകമാറ്റിയെന്നാണ് കേസ്. കേസിൽ അഞ്ചുവർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഖാലിദ ഇപ്പോൾ. തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും വിലക്ക് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.