ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം മോശം അവസ്ഥയിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുകയാണെന്ന് കേന്ദ്ര സർക്കാറിെൻറ മുന്നറിയിപ്പ്. നിയന്ത്രണ വിധേയം എന്നു നമ്മള്‍ കരുതുമ്പോള്‍ തന്നെ പ്രതിരോധത്തെ മറികടന്ന് വൈറസ് അതിശക്തമായി തിരിച്ചടിക്കുകയാണെന്നും ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ പോള്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണ വിധേയമാക്കാനുള്ള എല്ലാ നടപടികളും ജില്ലാ അടിസ്ഥാനത്തിൽ സീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. 31,643 കേസുകൾ. പഞ്ചാബിൽ 2,868 പേർക്കും കർണാടകയിൽ 2,792 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. ഹോളി ആഘോഷത്തെ തുടർന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ് 19 ദിവസത്തോളം തുടർച്ചയായി ഉയർന്നുവന്ന പ്രതിദിന കോവിഡ് നിരക്കിലും ചെറിയ കുറവ് വന്നത്.
അതേസമയം, ജനിതക മാറ്റം വന്ന വൈറസുകള്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ട സംഭവമാണെന്നും ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണം മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയത് പോലുള്ള ജനിത മാറ്റം വന്ന വൈറസുകള്‍ അല്ലെന്നും അക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഡോ. വി.കെ പോള്‍ വിശദീകരിച്ചു.
കോവിഡ് പ്രതിരോധത്തിൽ പഞ്ചാബ് സർക്കാർ ആവശ്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്നും രോഗം സ്ഥിരീകരിച്ച ആളുകളെ വേണ്ട വിധം നിരീക്ഷണത്തിലേക്ക് മാറ്റുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ഐസൊലേഷന്‍ കൃത്യമായി പാലിക്കാത്തവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഐസൊലേഷന്‍ നടപടി കൃത്യമായി നടക്കുന്നില്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ ബന്ധുക്കളുമായി അടുത്തിടപഴകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.