ഇൻഡോർ: കയറിക്കിടക്കാൻ ഇടമില്ലാത്ത വയോധികരെ വാഹനത്തിൽ കയറ്റിക്കൊണ്ടുവന്ന് ഹൈവേയിൽ തള്ളാനുള്ള നഗരസഭ തൊഴിലാളികളുടെ നീക്കം തടഞ്ഞ് നാട്ടുകാർ. രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരമെന്ന ബഹുമതി നാല് തവണ ലഭിച്ച ഇൻഡോറിലെ ക്ഷിപ്ര മേഖലയിലായിരുന്നു സംഭവം.
വയോധികരെ ട്രക്കിൽ കയറ്റിക്കൊണ്ടു വന്ന് ഹൈവേയിൽ റോഡരികിൽ തള്ളാനായിരുന്നു ശ്രമം. നഗരസഭ തൊഴിലാളികളുടെ കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. നാട്ടുകാർ എതിർത്തതോടെ തൊഴിലാളികൾ വയോധികരെ തിരികെ കൊണ്ടുപോവുകയായിരുന്നു. ഇതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഏതാനും പേരുമായെത്തിയ ട്രക്കിൽ നേരാംവണ്ണം ഇരിക്കാനുള്ള ആരോഗ്യം പോലുമില്ലാത്ത മുഷിഞ്ഞ വസ്ത്രം ധരിച്ച വയോധികയെ ഒരാൾ താങ്ങി പിടിക്കുന്നതും നാട്ടുകാർ തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുന്നതുമായ ദൃശ്യമാണ് പ്രചരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കൊണ്ടുവന്നവരെ തിരികെ കൊണ്ടുപോകുന്ന വിഡിയോയും പുറത്തായിട്ടുണ്ട്.
ഭവനരഹിതരെ ഹൈവേ റോഡരികിൽ ഉപേക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഇൻഡോർ നഗരസഭ അഡീഷണൽ കമീഷണർ അഭയ് രജൻഗോക്കർ നിഷേധിച്ചു. ഭവനരഹിതരെ രാത്രികാല അഭയകേന്ദ്രത്തിലേക്ക് മാറ്റാൻകൊണ്ടുപോയതാണ് തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ഇൻഡോർ നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഈ സംഭവം രാഷ്ട്രീയ ആയുധമാക്കി എടുത്തിട്ടുണ്ട്.
''ശുചീകരണത്തിെൻറ പേരിൽ നഗരസഭ തൊഴിലാളികൾ വയോധികരെ തണുപ്പത്ത് ഉപേക്ഷിക്കുകയാണ്. ബി.ജെ.പി അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും യശ്വന്ത് സിൻഹയേയും പോലുള്ള നിരവധി മുതിർന്ന നേതാക്കളെ ഉപേക്ഷിച്ചതുപോലെ ഉദ്യോഗസ്ഥർ ബി.ജെ.പി ആശയധാരക്കനുസരിച്ച് പ്രവർത്തിക്കുകയാണ്.''-കോൺഗ്രസ് വക്താവ് നരേന്ദ്ര സലുജ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രാത്രികാല അഭയകേന്ദ്രത്തിെൻറ ചുമതലയുള്ള രണ്ട് കരാർ ജോലിക്കാരെ നഗരസഭ ജോലിയിൽ നിന്ന് പുറത്താക്കുകയും നഗരസഭ ഡെപ്യൂട്ടി കമീഷണറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിഡിയോയിൽ കാണുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിട്ടിട്ടുണ്ട്.
''മുതിർന്ന പൗരൻമാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം യാതൊരുകാരണവശാലും സഹിക്കാൻ പറ്റില്ല. എല്ലാ വയോധികർക്കും ബഹുമാനവും സ്നേഹവും ലഭിക്കണം.'' -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.