കൊൽക്കത്ത: സന്ദേശ്ഖലി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) നേതാവ് ആയിഷ ബീബിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃണമൂൽ കോൺഗ്രസ് നേതാവ് ഷിബപ്രസാദ് ഹസ്റയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് തീയിട്ട കേസിലാണ് അറസ്റ്റ്. നിരവധി ഐ.എസ്.എഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖും സഹോദരനും ചേർന്ന് ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സന്ദേശ്ഖലിയിലെ പ്രതിഷേധം.
അതേസമയം, സംസ്ഥാന മന്ത്രിമാരടങ്ങുന്ന തൃണമൂൽ പ്രതിനിധി സംഘം വീണ്ടും സന്ദേശ്ഖലിയിൽ സന്ദർശനം നടത്തി. പ്രദേശവാസികളുടെ പരാതികൾ കേട്ട ഇവർ ഒന്നരമാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ, സന്ദേശ്ഖലിയിലേക്ക് പുറപ്പെട്ട പട്ന ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എൽ. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആറംഗ സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തെ പൊലീസ് തടഞ്ഞു.
നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് 52 കിലോമീറ്റർ അകലെവെച്ച് സംഘത്തിന് പ്രവേശനം നിഷേധിച്ചത്.
പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചു. സമാധാനപരമായി സന്ദേശ്ഖലിയിലെത്തി പ്രദേശവാസികളുടെ മൊഴിയെടുക്കാനുള്ള ശ്രമം തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് സംഘാംഗങ്ങൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.