ന്യൂഡൽഹി: ചരിത്രപ്രധാനമായ ഡൽഹി ജമാ മസ്ജിദിൽ പ്രാർഥനക്കല്ലാതെ പെൺകുട്ടികൾക്ക് പ്രവേശനമില്ലെന്ന വിവാദ ബോർഡ് പിൻവലിച്ച് പള്ളി അധികൃതർ. 'മസ്ജിദിനകത്ത് ഒറ്റക്കോ കൂട്ടായോ പെൺകുട്ടികൾക്ക് പ്രവേശനമില്ല' എന്നെഴുതിയ ബോർഡ് നീക്കാമെന്ന് ജമാ മസ്ജിദിലെ ഷാഹി ഇമാം അംഗീകരിച്ചതായി സംഭവത്തിൽ ഇടപെട്ട ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയുടെ ഓഫിസ് വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു. മസ്ജിദിന്റെ പവിത്രത മാനിക്കുന്ന പെരുമാറ്റം സന്ദർശകരിൽ നിന്നുണ്ടാകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിക്കാൻ ഇമാം തയാറായതെന്നും അധികൃതർ പറഞ്ഞു.
പ്രാർഥന വിലക്കിയിരുന്നില്ലെന്നും ആരാധനാലയത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാത്ത വിധത്തിലുള്ള പെരുമാറ്റം പലരിൽനിന്നും ഉണ്ടായതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്നുമായിരുന്നു പള്ളി അധികൃതരുടെ വിശദീകരണം.
മസ്ജിദിന്റെ പ്രധാന മൂന്നു കവാടങ്ങൾക്കു മുന്നിലാണ് വിവാദ ബോർഡ് ദിവസങ്ങൾക്കു മുമ്പ് പ്രത്യക്ഷപ്പെട്ടത്. വിഷയം കഴിഞ്ഞ ദിവസം ചർച്ചയായതോടെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നു. തുടർന്നാണ്, പ്രാർഥനയല്ല വിലക്കിയതെന്നും പലരും പ്രണയസല്ലാപങ്ങൾക്കും മറ്റും മസ്ജിദ് വളപ്പ് ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും ഇമാം പ്രസ്താവന ഇറക്കിയത്.
എന്നാൽ, പുരുഷന്മാർക്ക് പ്രവേശനമുള്ളപോലെതന്നെ സ്ത്രീകൾക്കും പ്രവേശനാവകാശമുണ്ടെന്ന് പറഞ്ഞ് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാളും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.