ന്യൂഡൽഹി: ആക്റ്റിവിസ്റ്റ് സഫൂറ സർഗാറിന്റെ എം.ഫിൽ പ്രവേശനം ജാമിഅ മില്ലിയ സർവകലാശാല റദ്ദാക്കി. ഗവേഷണം പൂർത്തിയാക്കാന്‍ സമയം നീട്ടി നൽകണമെന്ന ആവശ്യം നിരസിച്ചു. സോഷ്യോളജിയിൽ ഇന്റഗ്രേറ്റഡ് എം.ഫിൽ വിദ്യാർഥിയാണ് സഫൂറ.
പൗരത്വ സമരത്തിന്റെ പേരിൽ മൂന്ന് മാസം ഗർഭിണിയായിരിക്കെ സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ് സഫൂറയുടെ കോഴ്സിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെ കോവിഡ് മൂലം ഗവേഷണം പൂർത്തിയാക്കാനായില്ല. പെൺകുട്ടികൾക്ക് കോഴ്സ് കാലാവധി ഒരു വർഷം നീട്ടി നൽകാൻ യു.ജി.സി ചട്ടമുണ്ട്. ഇതുപ്രകാരം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും ജാമിഅ സർവകാലശാല സോഷ്യോളജി ഡിപാർട്ട്മെന്റ് അനുമതി നൽകിയില്ല.
കോവിഡിനെ തുടർന്ന് യു.ജി.സിയും ജാമിഅ മില്ലിയ സർവകലാശാലയും ഗവേഷക വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിരുന്നു. ഇതുപ്രകാരം സഫൂറ നേരത്തെ നൽകിയ അപേക്ഷ ഡിപാർട്ട്മെന്റ് നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾക്കായി യു.ജി.സി നൽകിയ ഇളവും നിഷേധിച്ച് പ്രവേശനം റദ്ദാക്കിയത്. നടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘനകൾ ജാമിഅ മില്ലിയ കാമ്പസിൽ നേരത്തെ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.