ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളുടെ സർക്കാർ റാങ്കിങ്ങിൽ 90 ശതമാനം സ്കോർ നേടി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല ഒന്നാമതെത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാജ്യത്ത് പലകുറി ആവർത്തിച്ചു വരുന്ന കേന്ദ്ര സർക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കും നടപടികൾക്കും എതിരെ ശക്തമായ പോരാട്ടവുമായി ആദ്യം രംഗത്ത് വരുന്നവരിൽ ജാമിഅ മില്ലിയ്യ മുൻപന്തിയിലാണ്. ന്യൂനപക്ഷ-ദലിത് വിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ ജ്വാല ഉയർത്തുമ്പോളും ജാമിഅക്ക് ബാക്കിയാവുന്നത് ദേശവിരുദ്ധരെന്ന ബി.ജെ.പി സർക്കാർ ഉൾപ്പെടെയുള്ളവരുടെ വിളിപ്പേര് മാത്രം.
പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങൾക്കും മുന്നിൽ നിൽക്കുമ്പോഴും അക്കാദമിക് കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ജാമിഅ വരുത്തിയില്ല എന്നതിന് തെളിവായിരുന്നു ഒന്നാം സ്ഥാനം. രാജ്യത്തെ ജെ.എൻ.യു, അലിഗഢ് മുസ് ലിം സർവകലാശാല ഉൾപ്പെടെ 40ഓളം സർവകലാശാലകളെ പിന്നിലാക്കിയാണ് ജാമിഅയുടെ ഈ നേട്ടം.
ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി, എം.ഫിൽ കോഴ്സുകളിൽ ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുള്ളവർ, ഫാക്കൽറ്റിയുടെ ഗുണനിലവാരം, വിദ്യാർഥി -അധ്യാപക അനുപാതം, അധ്യാപക ഒഴിവുകൾ തുടങ്ങിയവ വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് റാങ്കിങ്.
കഴിഞ്ഞ വർഷാവസാനം സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ജാമിഅ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ എത്രത്തോളം അരക്ഷിതാവസ്ഥയിലും പരിഭ്രാന്തിയിലും എത്തിച്ചു എന്നതിെൻറ നേര്‍ക്കാഴ്ചയായിരുന്നു ജാമിഅ മില്ലിയ സര്‍വകലാശാല കാമ്പസിൽ അരങ്ങേറിയത്. ഡിസംബർ 15ന് പൊലീസ് പ്രിൻസിപ്പലിന്‍റെ അനുവാദം ഇല്ലാതെ ജാമിഅയിൽ കടന്നുകയറി പൊലീസ് വിദ്യാർഥികളെ ക്രൂരമായി അടിച്ചമർത്തിയിരുന്നു.
കാമ്പസിെൻറ എല്ലാ ഗേറ്റുകളും പൂട്ടിയായിരുന്നു പൊലീസിെൻറ അതിക്രമം. കാമ്പസിലെ സെൻട്രൽ കാൻറീനിലും ലൈബ്രറികളിലും ഇരിക്കുന്നവർക്കു നേരെ വെടിയുതിർത്തു. ലൈബ്രറിയിലും ടോയിലറ്റിലും അഭയം തേടിയർക്കു നേരെ തുടർച്ചയായി കണ്ണീർവാതകം പ്രയോഗിച്ചു. കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. കാമ്പസിനകത്തെ പള്ളിയിൽ കയറി നമസ്കരിക്കുന്നവരെ തല്ലിച്ചതച്ചു. മണിക്കൂറുകളോളം കാമ്പസിനകത്ത് പൊലീസ് അഴിഞ്ഞാടി.
വിദ്യാർഥികളെ തല്ലിച്ചതച്ചതിന് പുറമെ ലൈബ്രറി, ലാബ് ഉൾപ്പെടെ നശിപ്പിച്ച് കാമ്പസിന് വൻ നാശനഷ്ടം വരുത്തിയിരുന്നു. വിദ്യാർഥി പ്രതിഷേധത്തിന് മുൻനിരയിലുണ്ടായിരുന്ന മലയാളികളായ ആയിഷ റെന്ന, ലദീദ ഫർസാന, ശഹീൻ തുടങ്ങിയവരാണ് പൊലീസിെൻറ അതിക്രമത്തിന് ആദ്യം ഇരകളായത്. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന വ്യാജകുറ്റം ചുമത്തി ചില വിദ്യാർഥികൾ ഇപ്പോഴും ജയിലിലാണ്. മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ ഉൾപ്പെടെ ഇതിനിതെരെ നിരവധി പേരായിരുന്നു രംഗത്ത് വന്നത്.
റാങ്കിങ്ങിൽ രണ്ടാമതെത്തിയ അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാലക്ക് 83 ശതമാനം സ്കോറാണ് ലഭിച്ചത്. ജവഹർലാൽ നെഹ്റു സർവകലാശാല 82 ശതമാനം സ്കോർ നേടി മൂന്നാമതും അലിഗഡ് മുസ്‌ലിം സർവകലാശാല 78 ശതമാനം നേടി നാലാമതുമെത്തി.
ദക്ഷിണ ഡൽഹിയിലാണ് ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. 1920ൽ മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരടങ്ങുന്ന മുസ്‌ലിം നേതാക്കളാണ് സർവകലാശാല സ്ഥാപിച്ചത്. 1988ലെ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവകലാശാലയായി മാറുകയായിരുന്നു. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.