ന്യൂഡൽഹി: രണ്ടുപേരും പേരെടുത്ത അഭിഭാഷകരാണ്. ഒരാൾ ഇപ്പോൾ കേന്ദ്രമന്ത്രികൂടിയാണെന്നു മാത്രം. എന്നിട്ടും ഡൽഹി ഹൈകോടതിയിൽ മന്ത്രിയായ അഭിഭാഷകനെ പ്രതിഭാഗം അഭിഭാഷകൻ എടുത്തിട്ട് കുടഞ്ഞു. അതോടെ നിലതെറ്റിയ മന്ത്രി രോഷാകുലനായി. തർക്കം മൂത്തപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും 93കാരനുമായ രാംജത് മലാനിയും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമാണ് കോടതിയിൽ പരസ്യമായി ഏറ്റുമുട്ടിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ജെയ്റ്റ്ലിയുടെ പത്തുകോടിയുടെ മാനനഷ്ടക്കേസിലെ വിചാരണക്കിടെയാണ് സംഭവം.
വാദത്തിനിടെ കെജ്രിവാളിെൻറ അഭിഭാഷകനായ ജത്മലാനി, ജെയ്റ്റ്ലിയെ ഒരു വാക്ക്കൊണ്ട് വിശേഷിപ്പിച്ചതാണ് ചൂടേറിയ വാദപ്രതിവാദത്തിന് കാരണമായത്. കെജ്രിവാൾ പറഞ്ഞിട്ടാണോ തനിക്കെതിരെ ആ വാക്കുപയോഗിച്ചതെന്ന് വ്യക്തമാക്കണമെന്നായി ജെയ്റ്റ്ലി. അങ്ങനെയാണെങ്കിൽ മാനനഷ്ടക്കേസ് താൻ കൂടുതൽ കടുപ്പിക്കുമെന്നും ജെയ്റ്റ്ലി ഭീഷണി മുഴക്കി. ഇതുകേട്ട ജത്മലാനിയും വിട്ടുകൊടുത്തില്ല. കെജ്രിവാൾ പറഞ്ഞിട്ടുതന്നെയാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേസിൽ തുടക്കം മുതൽ കെജ്രിവാളിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അനുപം ശ്രീവാസ്തവ ഇടപെട്ട് കെജ്രിവാൾ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് തിരുത്തി. മാനനഷ്ടക്കേസിൽ വാദിഭാഗത്തിെൻറ സ്വഭാവമഹിമക്ക് അത്യന്തം പ്രാധാന്യമുണ്ടെന്ന് ജത്മലാനി കോടതിയിൽ പറഞ്ഞു.
താൻ ഒരു കേസ് നടത്തുകയാണ്. അതിൽ തെൻറ എതിരാളിക്ക് ഒരു ബഹുമാനത്തിനും അർഹതയില്ലെന്ന് തെളിയിക്കാനാണ് ശ്രമം. പത്തുകോടി പോയിട്ട് ഒരു പൈസപോലും കിട്ടാൻ ഇൗ മനുഷ്യന് അർഹതയില്ലെന്നും ജെത്മലാനി പറഞ്ഞു. 2000^13 കാലത്ത് അരുൺ ജെയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷെൻറ പ്രസിഡൻറായിരിക്കെ നടന്ന സാമ്പത്തിക തിരിമറി ആരോപണത്തിനെതിരെയാണ് കെജ്രിവാളിനും മറ്റ് അഞ്ച് ആപ് പ്രവർത്തകർക്കുമെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് നൽകിയത്. ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച റിപ്പോർട്ട് ഒരു ആഴ്ചപ്പതിപ്പിൽ വരുന്നത് കേന്ദ്രമന്ത്രി ഇടപെട്ട് തടഞ്ഞുവെന്നും ജത്മലാനി ആരോപിച്ചു. ഹൈകോടതി ജോയൻറ് രജിസ്ട്രാർ ദീപാലി ശർമക്കു മുമ്പാകെയാണ് കേസിെൻറ ക്രോസ് വിസ്താരം നടന്നത്. അടുത്ത വിസ്താരം ജൂലൈ 28, 31 തീയതികളിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.