ന്യൂഡൽഹി: മോദി സർക്കാർ മതത്തെ വെറുതെ വിടണമെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി ജെബി മേത്തർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾക്ക് സംരക്ഷണം നൽകുന്ന വഖഫ് നിയമം റദ്ദാക്കാനുള്ള ബി.ജെ.പി നേതാവിന്റെ സ്വകാര്യ ബില്ലിനെ എതിർത്ത ജെബി മേത്തർ എന്തിനാണ് ഇത്തരം മത വിഷയങ്ങളിൽ ഇടപെടുന്നതെന്ന് ബി.ജെ.പിയോടും കേന്ദ്ര സർക്കാറിനോടും ചോദിച്ചു. എന്നാൽ ജെബി മേത്തർ അടക്കം പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടയിൽ 1995ലെ വഖഫ് നിയമം റദ്ദാക്കുന്നതിനെതിരെയുള്ള ബി.ജെ.പി നേതാവിന്റെ സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.
രാജ്യത്ത് മതപരമായ സഹവർതിത്വം ഇല്ലാതാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി. അംബേദ്കർ ജയന്തി ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ബിൽ അവതരണം. രാജ്യം ഇത്രയും നാൾ പിന്തുടർന്ന ധാർമിക മൂല്യങ്ങളും മതപരമായ സന്തുലനവും ഇല്ലാതാക്കാനാണ് ഈ അവതരണം. എല്ലാ മതങ്ങൾക്കും അവരുടേതായ രീതികളുണ്ട് പരമാവധി ഭരണവും ചുരുക്കം ഇടപെടലും എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും ഇത്തരം ബില്ലുകളിലൂടെ മതപരമായ വിഷയങ്ങളിൽ കടന്നു കയറി കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് വിദ്വേഷ സംഘർഷങ്ങളിലേക്ക് നയിക്കുമെന്ന് ജെബി മേത്തർ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷത്ത് നിന്ന് ജയറാം രമേശ് ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ വോട്ടെടുപ്പിനൊടുവിലാണ് ഹർനാഥ് സിങ്ങ് യാദവ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസിന് പുറമെ ഇടതുപാർട്ടികൾ, ഡി.എം.കെ, ടി.എം.സി, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ എം.പിമാരും അവതരണത്തെ എതിർത്തു. എന്നാൽ വോട്ടെടുപ്പിൽ 32നെതിരെ 53 വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായതോടെ ബിൽ അവതരണത്തിന് ചെയർമാൻ അനുമതി നൽകി. സ്വകാര്യ ബിൽ നിയമമാകില്ലെങ്കിലും സഭയില ചർച്ചക്കെടുക്കുന്നതിലുടെ ഒരു വിഷയമാക്കി ഉയർത്തികൊണ്ടുവരാൻ കഴിയും.
വഖഫ് നിയമം റദ്ദാക്കാനുള്ള ബിൽ ഉച്ചക്ക് ശേഷം അവതരിപ്പിച്ച ഹർനാഥ് സിങ്ങ് യാദവ് രാവിലെ ഏകസിവിൽ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ശൂന്യവേളയിൽ ആവശ്യപ്പെട്ടതും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.